തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പഴയ ആശയം പൊടിതട്ടിയെടുക്കുകയാണ് പശ്ചിമ ബംഗാളില്‍ സിപിഎം - കോണ്‍ഗ്രസ് സഖ്യം. മുപ്പത് വര്‍ഷം നീണ്ട സിപിഎം ഏകാധിപത്യം ബംഗാളില്‍ നഷ്ടപ്പെടുത്തിയത് സിപിഎമ്മിന്‍റെ തിരിച്ചുവരവിനുള്ള സാധ്യതകളെ തന്നെയാണ്. ഇന്ന് മമതയുടെ തൃണമൂലിനെ ഒറ്റയ്ക്ക് നിന്ന് നേരിടാന്‍ പോലും ശക്തിയില്ലാത്ത പാര്‍ട്ടിയായി പശ്ചിമബംഗാളില്‍ പാര്‍ട്ടി മാറി.
കേരളത്തില്‍ നിന്നും വ്യത്യസ്തമായ ഈ സ്ഥിതി വിശേഷമാണ് സിപിഎമ്മിന്‍റെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രതിസന്ധി. കേരളത്തില്‍ എതിരാളിയായ കോണ്‍ഗ്രസിനെ ബംഗാളില്‍ സുഹൃത്താക്കണം. ബംഗാളിന് വേണമെങ്കില്‍ കേരളത്തില്‍ അടുപ്പിക്കാന്‍ പോലും പറ്റാത്ത അവസ്ഥ.
പശ്ചിമബംഗാളിൽ കോണ്‍ഗ്രസുമായി സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ബംഗാൾ ഘടകത്തിന്റെ ആവശ്യത്തിൽ ഇന്ന് പിബിയിൽ ചര്‍ച്ച നടക്കും. കോൺഗ്രസുമായി പരസ്യസഖ്യം പാടില്ലെന്ന ഉറച്ച നിലപാടിലാണ് കേരള നേതാക്കൾ. ഇന്നലെ ഇക്കാര്യത്തിൽ രണ്ടുവട്ടം ബംഗാൾ നേതാക്കൾ സിപിഎം ജനസെക്രട്ടറി സീതാറാം യെച്ചൂരിയുമായി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു.
തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയാണ് എടുക്കേണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മാര്‍ച്ച് 3, 4 തീയതികളിൽ കേന്ദ്ര കമ്മിറ്റി യോഗം ചേരും. വിവിധ സംസ്ഥാനങ്ങളിൽ എത്ര സീറ്റുകളിൽ മത്സരിക്കണമെന്ന കാര്യത്തിലും പിബിയിൽ ചര്‍ച്ച നടക്കും.