ബെംഗളൂരൂ: കർണാടകയിൽ 453 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9,150 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെംഗളൂരൂവിൽ ഞായറാഴ്ച 196 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഞ്ച് മരണങ്ങൾ കൂടി സംഭവിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 137 ലേക്ക് ഉയർന്നു. ഇവരിൽ മൂന്ന് പേർ ബെംഗളൂരൂ സ്വദേശികളാണ്. മരിച്ചവരിൽ നാല് പേർ പുരുഷന്മാരും ഒരാൾ സ്ത്രീയുമാണ്. കൊവിഡ് ബാധിച്ച് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ശനിയാഴ്ച രാത്രി മരിച്ചിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് മരിക്കുന്ന പൊലീസുകാരുടെ എണ്ണം മൂന്നായി.
അതേസമയം 5,618 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ 3,391 പേരാണ് വിവിധ ആശുപത്രികളിലായി കൊവിഡ് ചികിത്സയിൽ കഴിയുന്നത്. ബെംഗളൂരൂവിൽ കൊവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ശനിയാഴ്ച മൂന്ന് ടീമുകൾ രൂപീകരിച്ചു. സഹകരണ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി തുഷാർ ഗിരിനാഥാണ് ആദ്യത്തെ ടീമിനെ നയിക്കുക. രോഗികളെ യഥാക്രമം ആശുപത്രിയിൽ എത്തിക്കുന്നതിനും ക്വാറന്‍റൈന്‍ സൗകര്യം ഏർപ്പെടുത്തുന്നതുമാണ് ഈ ടീമിന്‍റെ ചുമതല. കർണാടക പബ്ലിക് സർവീസ് കമ്മീഷൻ സെക്രട്ടറി ജി.സത്യവതിയുടെ നേതൃത്വത്തിലാണ് രണ്ടാമത്തെ ടീം രൂപീകരിച്ചിട്ടുള്ളത്. കണ്ടെയ്‌ൻമെന്‍റ് സോൺ നിരീക്ഷിക്കുക, ഇവിടങ്ങളിൽ വിപുലമായ സർവേ നടത്തുക എന്നിങ്ങനെയാണ് ഈ ടീമിന്‍റെ ചുമതല. മൂന്നാമത്തെ ടീമിനെ നയിക്കുന്നത് കർണാടക സ്റ്റേറ്റ് മിനറൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ നവീൻ രാജ് സിംഗ്, പൊലീസ് കമ്മീഷണർ ഹേമന്ത് നിംബാൽക്കർ എന്നിവരാണ്. ജനങ്ങളിലെ സാമൂഹ്യ അകലം ഉറപ്പാക്കലാണ് ഇവരുടെ ദൗത്യം.