ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാന നഗരങ്ങളിൽ വൈറസ് പിടിമുറുക്കുന്ന സാഹചര്യത്തിൽ ആകെ രോഗബാധിതർ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,171 പുതിയ പോസിറ്റീവ് കേസുകളും 204 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,98,706 ആയി. എന്നാൽ ഇതിൽ പകുതിയോളം രോഗികൾ(97,581) മാത്രമാണ് ചികിത്സയിൽ തുടരുന്നത്. 95,000 ൽ അധികം പേർ രോഗമുക്തി നേടി.
അതേസമയം 5,598 പേർക്ക് ഇതുവരെ ജീവഹാനി സംഭവിച്ചു. കൊവിഡ് വലിയ തോതിൽ വ്യാപിച്ച മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകൾ 70,000 കടന്നു. മുപ്പതിനായിരം ആളുകൾക്കാണ് ഇവിടെ രോഗമുക്തി ലഭിച്ചത്. അതേസമയം തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം 23,495 ആയി.