ഡല്‍ഹിയില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടവരാണ് രോഗ ബാധിതരില്‍ 30 ശതമനവും എന്നുള്ള വസ്‌തുത ആശങ്കാജനകമാണ്. നിസാമുദീനില്‍ നടന്ന ഈ മത വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം നിരവധി പേര്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചു പോവുകയും രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗവും അവരോ അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആണെന്ന് കണ്ടെത്തുകയും ചെയ്‌തു.
തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, രാജസ്ഥാന്‍, ജമ്മു, കശ്‌മീർ, കര്‍ണാടക, അസം, അൻഡമാന്‍, നിക്കോബര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്‌ട്ര, കേരളം, അരുണാചല്‍ പ്രദേശ്, ജാർഖണ്ഡ് എന്നിങ്ങനെ നീളുന്നു ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടായിരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധനകള്‍ക്കായി സ്വയം മുന്നോട്ട് വരാൻ തയാറാകത്തതും, യാത്രാ വിവരങ്ങള്‍ നല്‍കാത്തതും, ഇവരുടെ സാമൂഹിക ഇടപഴകലുകളുമൊക്കെ രോഗം ബാധിതരുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്ന് ഭയക്കേണ്ട കാര്യമാണ്.
ഇതിനെതിരെ ഇന്ത്യയില്‍ ഉണ്ടായിരിക്കുന്ന രോഷവും നടുക്കവും സമൂഹ മാധ്യമങ്ങളിൽ പക്ഷപാത പൂര്‍ണമായ വാര്‍ത്തകൾ ഉണ്ടാക്കുകയും അത് ഒരു അനാവശ്യമായ മുസ്ലിം വിരുദ്ധ വികാരമായി പരിണമിക്കുകയും ചെയ്‌തിരിക്കുന്നു. സാമൂഹികപരമായും രാഷ്ട്രീയപരമായും അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട നമ്മുടെ സമൂഹം ഇന്ന് കൊവിഡ് വൈറസിന് മതത്തിന്‍റെ നിറം ചാര്‍ത്തിക്കൊടുത്തിരിക്കുന്നു.
വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രചാരണങ്ങളും യഥേഷ്‌ടം പ്രചരിപ്പിക്കുന്ന സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ അനുമാനങ്ങള്‍ പടർത്താനും ആർഎസ്‌എസും ബിജെപിയും വര്‍ഗീയ വിരോധം ആളിക്കത്തിക്കുകയാണെന്ന വിമര്‍ശനം ഉയർത്താനും സാധിച്ചിട്ടുണ്ട്. അതിനാല്‍ കൊവിഡിന് വര്‍ഗീയ നിറം നല്‍കരുതെന്നും അതിന്‍റെ പേരില്‍ സമൂഹത്തില്‍ വിഭാഗീയത സൃഷ്‌ടിക്കാൻ ശ്രമിക്കരുതെന്നും പാര്‍ട്ടി അണികളോട് ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ അഹ്വാനം ചെയ്‌തത് പ്രോത്സാഹന ജനകമാണ്.
ഏപ്രില്‍ നാലിന് ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തിനുശേഷം മുതിര്‍ന്ന ബിജെപി നേതാക്കള്‍ മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞതിങ്ങനെ, 'രാജ്യത്തെ മുന്നോട്ട് നയിക്കുക എന്ന വലിയൊരു ഉത്തരവാദിത്തം നമ്മുടെ മുന്നിലുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ലോകം മുഴുവന്‍ എല്ലാവരും ഈ വൈറസിന്‍റെ പിടിയില്‍ ആകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ആരും തന്നെ പ്രകോപനപരമായ പ്രസ്‌താവനകൾ ഇറക്കാൻ പാടില്ല.'
തബ്‌ലീഗ് നേതൃത്വത്തിനെതിരെയുള്ള വിവിധ ആരോപണങ്ങളെ പരോക്ഷമായി സൂചിപ്പിച്ചും, വര്‍ഗീയ വിദ്വേഷം ഉണര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്താതിരിക്കുന്നതിനും ഒരു ബി ജെ പി നേതാവ് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: 'തബ്‌ലീഗ് പ്രശ്‌നം തുടങ്ങിയത് മുതൽ ആരും തന്നെ ഇതൊരു വര്‍ഗീയ പ്രശ്‌നമാക്കി മാറ്റുവാന്‍ പടുള്ളതല്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്.'
കൊവിഡ് നിര്‍ദ്ദേശങ്ങള്‍ തബ്‌ലീഗ് നേതൃത്വം ലംഘിച്ചതിന്‍റെ തെളിവുകളുണ്ട്. പക്ഷെ അത് നേതൃത്വം വഹിച്ചവർക്ക് സംഭവിച്ച പിഴവാണോ അതോ അന്ധമായ മത വിശ്വാസം വരുത്തി വച്ച വിനയാണോ എന്നുള്ളത് സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമെ വെളിച്ചത്ത് കൊണ്ടുവരുവാന്‍ സാധിക്കൂ. വർഗീയ വിദ്വേഷങ്ങൾ ആളിക്കത്തുന്നതിന് മുമ്പ് തന്നെ അതിന്‍റെ കാരണം കണ്ടെത്തേണ്ടതുണ്ട്. നിസാമുദ്ദീന്‍ സംഭവവും അതിന് കൊവിഡ് ബാധയുമായുള്ള ബന്ധവും ഉറപ്പായിക്കഴിഞ്ഞ ഉടന്‍തന്നെ മാധ്യമങ്ങളിലെ ഒരു വിഭാഗം തികച്ചും വിദ്വേഷം കലർന്ന വാർത്തകൾ അഴിച്ചുവിട്ടത് നിർഭാഗ്യകരം തന്നെയെന്ന് പറയാതിരിക്കാനാകില്ല.
വ്യാജ വാര്‍ത്തകള്‍ കൊവിഡിനേക്കാൾ വേഗത്തിൽ പടര്‍ന്നു പിടിച്ചു. ഒരു കൂട്ടർ ഷഹീന്‍ബാഗിലെ സിഎഎ വിരുദ്ധ സമരവുമായി തബ്‌ലീഗ് പ്രവര്‍ത്തനങ്ങളെ ഒരു കാര്യവുമില്ലാതെ ബന്ധിപ്പിക്കാന്‍ തുടങ്ങി. മറ്റ് കേസുകളില്‍ പ്രയോഗിച്ചിരുന്ന വിദ്വേഷ വിരുദ്ധ നടപടികളും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ ഇതിനെതിരെ പ്രയോഗിച്ചില്ല. അതിനാല്‍ തന്നെ നദ്ദ നടത്തിയ ഇടപെടല്‍ സ്വാഗതാര്‍ഹമായി മാറി.
രാജ്യത്തെ 130 കോടി ജനങ്ങൾ കൊവിഡിന്‍റെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്‌ടിക്കുന്നവർക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് ചില സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചത് വലിയ ആശ്വാസമാണ്. വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഏപ്രില്‍ നാലിന് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി.
തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തശേഷം മഹാരാഷ്‌ട്രയിൽ തിരിച്ചെത്തിയ എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയതായി അദ്ദേഹം അറിയിച്ചുകൊണ്ട് അദ്ദേഹം എഴുതിയതിങ്ങനെ, 'കൊറോണ വൈറസ് പോലെ മറ്റൊരു വൈറസ് സമുദായിക സൗഹാര്‍ദ്ദം തകർക്കാൻ ഇറങ്ങിയിട്ടുണ്ട്. വ്യാജ വാര്‍ത്തകളുടെയും വര്‍ഗീയ വിദ്വേഷങ്ങളുടെയും വൈറസുകളാണിവർ. ഈ പ്രതിസന്ധിയില്‍ നിന്നും നമ്മള്‍ മഹാരാഷ്ട്രയെ രക്ഷിക്കും. അവശ്യ വസ്‌തുക്കളും നോട്ടുകളും തുപ്പല്‍ പുരട്ടി വിതരണം ചെയ്യുന്നുവെന്ന് പറയുന്ന പോലുള്ള വ്യാജ വര്‍ത്തകളോ വീഡിയോകളോ ആരെങ്കിലും പ്രചരിപ്പിച്ചാല്‍ നിയമം അവരെ പിടികൂടും. ആരെയും വെറുതെ വിടില്ല.'
മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി ഒരു മാതൃകയാക്കാവുന്ന ഒരു സമീപനമാണിത്. ലോക് ഡൗൺ പൂർത്തിയാകുമ്പോൾ ഇന്ത്യക്ക് സമൂഹിക, സാമ്പത്തിക പ്രവര്‍ത്തങ്ങളിലേക്ക് മടങ്ങിവരാനുള്ള തയാറെടുപ്പ് നടത്തേണ്ടതുണ്ട്. അതിനാല്‍ ഈ വിശാലമായ രാജ്യത്തില്‍ കൊവിഡിന്‍റെ പേരില്‍ വിഭാഗീയതയ്ക്ക് വളം വെയ്ക്കുന്ന ഒരു പ്രവർത്തനവും അനുവദിക്കാൻ പാടില്ല.