ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌ത മരണങ്ങളിൽ 58 ശതമാനവും ഡൽഹി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ആണെന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ കുടുംബ മന്ത്രാലയം. 49.4 ശതമാനം പുതിയ കേസുകളും ഈ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്‌തത് കഴിഞ്ഞ ഉത്സവ സീസണോട് അനുബന്ധിച്ചാണ്. 24 മണിക്കൂറിനുള്ളിലെ വർദ്ധിച്ച കേസുകൾ ആശങ്കാജനകമാണെന്നും എല്ലാ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂസൻ പറഞ്ഞു.
മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ഛത്തീസ്‌ഗഢ്, കർണാടക എന്നിവിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും അധികം രോഗികളും മരണവും റിപ്പോർട്ട് ചെയ്‌തത്. കേരളവും പശ്ചിമ ബംഗാളും കൊവിഡിന്‍റെ രണ്ടാം വരവിലെ മൂർദ്ധന്യത്തിൽ ആണെന്നും ഡൽഹി മൂന്നാം ഘട്ടത്തിന്‍റെ ഉന്നതിയിലാണെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേർത്തു. ഇന്ത്യയിലെ കൊവിഡ് മുക്‌തി നിരക്ക് ഇപ്പോൾ 90.62 ശതമാനത്തിലെത്തിയതായും പോസിറ്റിവിറ്റി നിരക്ക് 7.61 ശതമാനമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതുവരെ പത്തു കോടിയിലധികം ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. ഇന്ത്യ കൊവിഡ് കേസുകൾ ഏറ്റവും താഴ്ന്ന രാജ്യങ്ങളിലൊന്നാണെന്ന്. കഴിഞ്ഞ അഞ്ച് ആഴ്‌ചയായി ശരാശരി മരണങ്ങളിൽ തുടർച്ചയായി കുറവുണ്ട്. സെപ്റ്റംബർ 23 നും 29 നും ഇടയിൽ ദിനംപ്രതി പുതിയ കേസുകൾ 83,232 ആയിരുന്നു. ഒക്ടോബർ 21 നും 27 നും ഇടയിൽ ഇത് 49,909 ആയി കുറഞ്ഞു. 13 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ സുഖം പ്രാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന കേസുകൾ പരാമർശിക്കവെ ലക്ഷണങ്ങളില്ലാത്ത കുട്ടികൾ സൂപ്പർ സ്പ്രെഡിന് കാരണമാകാമെന്നും കൊവിഡ് പരിശീലനത്തിനായി ആരോഗ്യ മന്ത്രാലയം ഡോക്‌ടർമാർക്കും നഴ്‌സുമാർക്കുമായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോം തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു പോസിറ്റീവ് കേസിന് അതുമായ് ബന്ധപ്പെട്ട് കുറഞ്ഞത് 15 പേരയെങ്കിലും ക്വറന്‍റൈൻ ചെയ്യണമെന്നും. സൂപ്പർ സ്‌പ്രെഡ് നടക്കാൻ സാധ്യതയുള്ള പരിപാടികൾ ഒഴിവാക്കണമെന്നും സമാനമായ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് നീതി ആയോഗ് അംഗം വി കെ പോൾ പറഞ്ഞു. വാക്‌സിൻ വിതരണം ചെയ്യുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളോട് കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിൻ ഉത്പാദനത്തിന് പരിധി ഉണ്ടെങ്കിൽ അതിനനുസരിച്ച് മുൻഗണന ഉണ്ടാകുമെന്നും വി കെ പോൾ കൂട്ടിച്ചേർത്തു.