ന്യൂഡല്‍ഹി: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വ്യാജ വാർത്ത പ്രചരിക്കുന്നതിനെതിരെ കേന്ദ്രം ആരോഗ്യമന്ത്രാലയം. സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചെന്ന വ്യാജ വാർത്തക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പ് പുറത്തിറക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റേത് എന്ന പേരില്‍ മാർച്ച് 14 മുതല്‍ 21 വരെ പൊതു അവധി പ്രഖ്യാപിച്ചെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാർത്ത കുറിപ്പ് പ്രചരിക്കുന്നതിനെ തുടർന്നാണ് മന്ത്രാലയത്തിന്‍റെ ഇടപെടല്‍. ഇന്ത്യൻ ഗവൺമെന്‍റ് അണ്ടർ സെക്രട്ടറി രാജേന്ദ്ര കുമാറിന്‍റെ വ്യാജ ഒപ്പുള്ളതാണ് കുറിപ്പ്. പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും നിർബന്ധിത അവധിയായിരിക്കണമെന്നും വ്യാജ കുറിപ്പില്‍ പറയുന്നു. നിർദേശം ലംഘിച്ചാല്‍ 5000 രൂപ പിഴയിടാക്കുമെന്നുമുണ്ട്.
വ്യാജ വാർത്തക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടനടി ഇടപെടുകയായിരുന്നു. മാർച്ച് 13 വരെയാണ് സംസ്ഥാനത്തിന് അവധിയെന്നും അല്ലാതെയുള്ള വ്യാജ പ്രചാരണങ്ങൾ തെറ്റാണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
അതേസമയം, രാജ്യത്തെ രണ്ടാമത്തെ മരണം ഡല്‍ഹിയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 69 വയസുള്ള സത്രീയാണ് കൊവിഡ് 19 രോഗ ബാധയെ തുടർന്ന് മരിച്ചത്. രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 82 ആയി. ഇറ്റലിയിലും സ്‌പെയിനിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മരണ നിരക്ക് വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയില്‍ യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് വിലക്കും ഏർപ്പെടുത്തി.