ന്യൂഡൽഹി: 24 മണിക്കൂറിനിടെ 51,000 കൊവിഡ് ബാധിതർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 11 ലക്ഷം കടന്നു. 65.44 ശതമാനമാണ് ഇന്ത്യയുടെ രോഗമുക്തി നിരക്ക്. ഇതുവരെയുള്ള കണക്കുകളിലെ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കും ഇതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദമാക്കി. കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ച മൊത്തം കേസുകളുടെ 32.43 ശതമാനമാണ് സജീവകേസുകളുള്ളത്. അതായത്, രാജ്യത്ത് നിലവിൽ 5,67,730 പേരാണ് ചികിത്സയിലുള്ളത്. സജീവമായ എല്ലാ കൊവിഡ് ബാധിതരും ആശുപത്രികളിലും ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിൽ ഹോം ഐസൊലേഷനിലുമായി കഴിയുകയാണ്. ഒരു ദിവസത്തിൽ 1,225 രോഗികൾ സുഖം പ്രാപിച്ചതോടെ ആകെ 11,45,629 വൈറസ് ബാധിതർക്ക് രോഗം ഭേദമായി. ഇതോടെ, ഇന്ത്യയിലെ മരണനിരക്ക് 2.13 ശതമാനമായും കുറഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെ സജീവ കേസുകളുടെയും രോഗമുക്തി നേടുന്നവരുടെയും എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്നും എന്നാൽ, ജൂൺ 10ന് ആദ്യമായി, സജീവകേസുകളുടെ എണ്ണത്തിൽ നിന്നും മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം വർധിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സജീവ കേസുകളേക്കാൾ 157,3 പേർക്കാണ് തുടക്കത്തിൽ രോഗം ഭേദമായത്. നിലവിൽ ഇത് 5,77,899 ആയി വർധിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേ സമയം, ഇന്ത്യയിലെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 17.50 ലക്ഷമാകുകയും ഒരു ദിവസം 54,735 എന്ന കണക്കിൽ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുകയും ചെയ്യുന്നു. രാജ്യത്തെ മൊത്തം മരണസംഖ്യ 37,364 ആണ്. ഓരോ 24 മണിക്കൂറിലും 853 രോഗികളാണ് വൈറസിന് കീഴടങ്ങുന്നത്.