ചെന്നൈ: കൊവിഡ് മൂലം നിർത്തിവച്ചിരുന്ന പൊതുഗതാഗതം പുനരാരംഭിച്ച് തമിഴ്‌നാട് സർക്കാർ. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കർശന മാനദണ്ഡങ്ങളോടെയാണ് ഗതാഗതം പുനരാരംഭിച്ചത്. 59 ശതമാനം ബസുകളാണ് സർവ്വീസ് നടത്തുക.
ഇളവുകളുടെ ഭാഗമായി ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കുകയാണെന്നും ജില്ലകൾക്കിടയിലുള്ള യാത്രകൾക്ക് ഈ-പാസുകൾ വേണമെന്ന വ്യവസ്ഥ നിർത്തലാക്കുകയാണെന്നും സംസ്ഥാന മുഖ്യമന്ത്രി ഇ പളനിസ്വാമി പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും ഹോട്ടലുകളും റിസോർട്ടുകളും തുറക്കാൻ അനുവാദം നൽകിയതായും അദ്ദേഹം പറഞ്ഞു.
ഇളവുകളുടെ ഭാഗമായി കൊവിഡ് പശ്ചാത്തലത്തിൽ അടച്ച മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രം 165 ദിവസത്തിന് ശേഷം ചൊവ്വാഴ്ച വീണ്ടും തുറന്നു. താപനില പരിശോധിക്കുകയും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുദ്ധികരിക്കുകയും ചെയ്തതിന് ശേഷമാണ് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം സാധ്യമാക്കുക.
10 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, 60 വയസ്സിന് മുകളിലുള്ളവർ തുടങ്ങിയവർക്ക് ക്ഷേത്രം സന്ദർശിക്കാൻ അനുവാദമില്ല. കൂടാതെ ക്ഷേത്രത്തിൽ ഭക്തർക്ക് ഭക്ഷണം വിതരണം ചെയ്യരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.