പ്രമേഹരോഗികള്‍ക്ക് എളുപ്പത്തില്‍ ബാക്‌ടീരിയ ,വൈറസ് മൂലമുള്ള അണുബാധ പകരാനുള്ള സാധ്യത കൂടുതലാണ് പഠന റിപ്പോർട്ട്. എന്‍ഡോക്രൈന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച പുതിയ പഠന പ്രകാരം കൊവിഡ് 19 സ്ഥിരീകരിച്ച പ്രമേഹ രോഗികളുടെ ചികില്‍സയില്‍ പുതിയ രീതികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്നു. കൂടാതെ ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് പുറമേ അമിതവണ്ണമുള്ളവര്‍ക്കും കൊവിഡ് 19 മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൂടുതലായേക്കാം.
ടൈപ്പ് 2 പ്രമേഹരോഗവും അമിതവണ്ണവും കൊവിഡ് 19ഉം പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാനഡയിലെ മൗണ്ട് സിനെയ് ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ശ്വാസകോശത്തിലെയും അന്നനാളത്തിലെയും കോശങ്ങളിലൂടെയാണ് കൊവിഡ് വൈറസ് പ്രവേശിക്കുന്നതും ഇന്‍ഫക്ഷന്‍ ഉണ്ടാക്കുന്നതും. ഈ കോശങ്ങളില്‍ ആന്‍ജിയോടെന്‍സിന്‍ കണ്‍വേര്‍ട്ടിങ് എന്‍സൈം (എസിഇ2),ഡൈ പെപ്‌റ്റിഡൈല്‍ പെപ്റ്റിഡേയ്‌സ് 4 എന്ന പ്രോട്ടീനുകളുണ്ട്. ഈ പ്രോട്ടീനുകള്‍ ടൈപ്പ് 2 പ്രമേഹ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ സാധാരണയായി ഉപയോഗിക്കുന്ന പ്രമേഹ മരുന്നുകളുടെ ഗുണങ്ങളും അപകട സാധ്യതയും മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടത്താനുണ്ട്. കൊവിഡ് മഹാമാരിയുടെ വരവോടെ പ്രമേഹ രോഗികളുടെ ചികില്‍സാ സംബന്ധമായി കൂടുതല്‍ പഠനങ്ങള്‍ നടത്താനും രോഗികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതിന്‍റെയും ആവശ്യകത വര്‍ധിക്കുകയാണ്.