ഹൈദരാബാദ്: കൊറോണ വൈറസ് എന്ന മഹാമാരിയെ വിവേകപൂര്‍വം കൈകാര്യം ചെയ്യാൻ ഇന്ത്യക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. 40 ദിവസം രാജ്യ വ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും 130 കോടി ജനങ്ങളോട് വീടുകളില്‍ തുടരാൻ ആവശ്യപ്പെടുകയും ചെയ്‌ത നടപടി അതിന് ഉദാഹരണമാണ്. ലോക ശക്തികളായ അമേരിക്കയും മറ്റ് സമ്പന്ന രാജ്യങ്ങളും കൊവിഡ് 19ന് മുന്നില്‍ മുട്ടുമടക്കിയപ്പോഴും ഇന്ത്യ പോലൊരു വികസ്വര രാജ്യത്തിന് പിടിച്ചുനില്‍ക്കാനായത് കര്‍ശനമായ ലോക്ക് ഡൗണിലൂടെയാണ്.
എന്നാല്‍ രാജ്യ വ്യാപകമായ ലോക്ക് ഡൗൺ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് ഇന്ത്യയിലെ അതിഥി തൊഴിലാളികളെയും ദിവസ വേതനക്കാരെയുമാണ്. അവരുടെ ജീവിതം ദുരിതപൂര്‍ണമായി. ഗ്രാമങ്ങളും കുടുംബങ്ങളും ഉപേക്ഷിച്ച് ഉപജീവനത്തിനായി വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിനങ്ങളിൽ യുപി, ബിഹാർ, രാജസ്ഥാൻ സർക്കാരുകൾ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബസ് സര്‍വീസുകൾ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ലോക്ക് ഡൗൺ കര്‍ശനമാക്കിയതോടെ പലരും സ്വന്തം നാട്ടിലെത്താനാകാതെ പലയിടങ്ങളില്‍ കുടുങ്ങി.
ലോക്ക് ഡൗൺ അവസാനിച്ചാലുടൻ തങ്ങളുടെ തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാരുകൾ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ നന്ദേഡിൽ കുടുങ്ങിക്കിടന്ന 3,800 സിഖ് തീർഥാടകരെ സ്വന്തം നാട്ടിലേക്ക് തിരികെ എത്തിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ അനുമതി നൽകിയിരുന്നു. ഇതുപോലെ യുപി, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള 3.5 ലക്ഷത്തിലധികം അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ അനുവദിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. അതിഥി തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ ക്രമീകരണങ്ങൾ ചെയ്യുമെന്ന് യുപിയും മധ്യപ്രദേശും ഉറപ്പ് നൽകി. എന്നാല്‍ കൊവിഡ് ബാധിത സംസ്ഥാനങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നത് പുതിയൊരു പ്രതിസന്ധിക്ക് കാരണമാകുമെന്നതും ഓര്‍ക്കേണ്ടതുണ്ട്. അവഗണിക്കാനാവാത്ത ഒരു മുന്നറിയിപ്പ് കൂടിയാണിത്.
അതേസമയം അതിഥി തൊഴിലാളികളുടെ പ്രതിസന്ധിയെ ദേശീയ പ്രശ്‌നമായി കാണുകയും സമഗ്രമായ പരിഹാരം കണ്ടെത്തുകയും വേണം. ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ നാല് കോടി അതിഥി തൊഴിലാളികൾ ഇന്ത്യയിലുണ്ടെന്നാണ് കഴിഞ്ഞ ദിവസം ലോക ബാങ്ക് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. 2016-17 സാമ്പത്തിക സർവേ പ്രകാരം തൊഴിലാളികൾ വീടുകളിലേക്ക് അയയ്ക്കുന്ന തുക പ്രതിവർഷം 1.5 ലക്ഷം കോടി രൂപയാണ്. അതിഥി തൊഴിലാളികളെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പോലും തൊഴിലാളികളുടെ ആശങ്ക തങ്ങളുടെ ജീവന് ഭീഷണിയാവുക കൊവിഡല്ല മറിച്ച് പട്ടിണിയാണെന്നതാണ്.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ എല്ലാ വിവരങ്ങളും ഓൺലൈനിൽ ശേഖരിക്കാൻ കേന്ദ്രസർക്കാർ നിർദേശിക്കുകയും പണം കൈമാറുന്നതിനൊപ്പം മറ്റ് ആനുകൂല്യങ്ങൾ ഉറപ്പാക്കുകയും ചെയ്‌തിട്ടുണ്ട്. സ്വന്തം നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾ അവരുടെ വിവരങ്ങൾ ഒരു വെബ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും ആ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ ഉചിതമായ തീരുമാനം എടുക്കുമെന്നും ഒഡീഷ സർക്കാർ പ്രഖ്യാപിച്ചു. അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ 15 ദശലക്ഷം അതിഥി തൊഴിലാളികൾക്ക് തൊഴിൽ നൽകുമെന്ന് യുപി സര്‍ക്കാരും ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. അതിഥി തൊഴിലാളികളുടെ ജീവിതവും ഉപജീവനവും അപകടത്തിലാകുമ്പോൾ, സമഗ്രമായ ഒരു കേന്ദ്ര ഇടപെടല്‍ ഇക്കാര്യത്തിൽ അനിവാര്യമാണ്.