ന്യൂഡൽഹി: കൊവിഡ് 19 രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മടികടന്നു. കൊവിഡ് ബാധിതരുടെ എണ്ണം 85000 കടന്നതോടെയാണ് ചൈനയെ ഇന്ത്യ മറികടന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,970 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 85,940 ൽ എത്തി. ചൈനയിൽ 82933 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ നിലവിൽ 53035 പേരാണ് ചികിത്സയിൽ തുടരുന്നത്. 30,152 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
വെള്ളിയാഴ്ച രാജ്യത്ത് 103 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കൊവിഡ് മരണ സംഖ്യ 2,752 ആയി. ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള മഹാരാഷ്ട്രയിലാണ് 40 ശതമാനം മരണങ്ങളും സംഭവിച്ചിട്ടുള്ളത്. 29,100 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6,564 പേർ രോഗ മുക്തരായി.
തമിഴ്നാട്ടിൽ 10,108 കേസുകളും ഗുജറാത്തിൽ 9,931 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര കഴിഞ്ഞാൽ ഈ രണ്ട് സംസ്ഥാനങ്ങളെയാണ് കൊവിഡ് 19 ഏറ്റവും അധികം ബാധിച്ചത്. രാജ്യ തലസ്ഥാനത്ത് 8,895 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.