ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 107ആയി. കേന്ദ്ര കുടുംബ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 17 പേര്‍ വിദേശികളാണെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ കൊറോണ ബാധയുണ്ട്. ഒമ്പത് പേര്‍ രോഗത്തില്‍ നിന്നും മുക്തിനേടി. രണ്ട് പേര്‍ മരിച്ചു. കര്‍ണ്ണാടക സ്വദേശിയായ 76 കാരനും ഡല്‍ഹി സ്വദേശിയായ 68 കാരിയുമാണ് മരിച്ചത്. ലോകത്ത് ആകമാനം 5760 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ലോകത്ത് ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത് ചൈനയില്‍ 80824 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇതില്‍ 3189 പേര്‍ മരിച്ചു. 65541 പേര്‍ രോഗമുക്തരായി തിരിച്ചെത്തി.
അതേസമയം ഇറ്റലിയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 21157 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 1441 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. സ്പെയിനിലും ഇറ്റലിയിലും മരണം 183ലെത്തി. കൊവിഡ് 19നെ മഹാമാരിയെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തിയത്. ഇതോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന നൂറുകണക്കിന് ഇന്ത്യക്കാരെയാണ് സര്‍ക്കാര്‍ തിരികെ എത്തിച്ചത്.
അതെസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 31 പേർക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകള്‍, കോളജ്, ലൈബ്രറി, സിനിമ തിയേറ്റര്‍ തുടങ്ങിയ ജനങ്ങള്‍ ഒത്തുകൂടുന്ന കേന്ദ്രങ്ങള്‍ അടക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് 50 ഐസൊലേഷന്‍ വാര്‍ഡുകളും സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്.
കേരളത്തില്‍ 22 പോസിറ്റീവ് കേസുകളാണ് രജിസ്റ്റര്‍ ചെയിതിരിക്കുന്നത്. മൂന്നു വയസുകാരനും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 7677 പേര്‍ നിരീക്ഷണത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.