ബെംഗളൂരു: കർണാടകയില്‍ കൊവിഡ് 19 കേസുകളുടെ എണ്ണം 1,000 കടന്നു. 45 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 1,032 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 35 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 476 പേര്‍ രോഗമുക്തരായി. 520 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
ദക്ഷിണ കന്നഡയിൽ 16, ബെംഗളൂരുവില്‍ 13, ഉഡുപിയിൽ അഞ്ച്, ബിദർ, ഹസൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതം, ചിത്രദുർഗയിൽ നിന്ന് രണ്ട്, കോലാർ, ശിവമോഗ, ബാഗൽകോട്ട ജില്ലകളിൽ നിന്ന് ഓരോ കേസുകൾ എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥരീകരിച്ചിരിക്കുന്നത്. അതിൽ 20 പേര്‍ ദുബായില്‍ നിന്നും നാല് പേര്‍ മുംബൈയില്‍ നിന്നും മൂന്ന് പേർ ചെന്നൈയിൽ നിന്നും മടങ്ങിയെത്തിയവരാണ്. ഒരാൾക്ക് കടുത്ത ശ്വാസകോശ സംബന്ധമായ രോഗമുണ്ട്. മറ്റൊരാൾ ബിദറിലെ കണ്ടെയ്ൻമെന്‍റ് സോണിൽ നിന്നുള്ളയാളാണ്. ബാക്കിയുള്ളവര്‍ കൊവിഡ് പോസിറ്റീവായ രോഗികളുടെ പ്രാഥമിക, ദ്വിതീയ സമ്പര്‍ക്ക പട്ടികയിലുള്ളവരാണെന്ന് അധികൃതര്‍ അറിയിച്ചു.