ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് കൊവിഡ്-19 രോഗം ബാധിച്ചവരുടെ എണ്ണം 1707 കടന്നു. 67 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. ഇതുവരെ 42പേരാണ് മരിച്ചത്. അതീവ ജാഗ്രത പുലര്‍ത്തേണ്ട പ്രദേശങ്ങള്‍ 68 ആയി ഉയര്‍ന്നു.
മാള്‍വ്യനഗര്‍, ജഹാങ്കിര്‍പുരി തുടങ്ങിയ സ്ഥലങ്ങളാണ് പുതിയതായി പട്ടികയില്‍ ചേര്‍ത്തത്. സംഘംവിഹാര്‍ പ്രദേശത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി സൗത്ത് ഡല്‍ഹി ജില്ലാ മജിസ്ട്രേറ്റ് ബി.എം മിസ്ര പറഞ്ഞു. ഇതില്‍ ഒരാള്‍ നിസാമുദീനിലെ തബ് ലീഗ് യോഗത്തില്‍ പങ്കെടുത്തിരുന്നു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കഴിയുന്നത് വരെ സ്കൂളുകള്‍ അടക്കമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. സ്കൂള്‍ ഫീസുകളില്‍ വര്‍ധനയും പാടില്ല. കുട്ടികളില്‍ നിന്നും ട്യൂഷന്‍ ഫീസ് മാത്രമാണ് ഈടാക്കേണ്ടത്. അനുമതിയില്ലാതെ ഫീസ് വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. സ്കൂള്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള സംവിധാനങ്ങള്‍ ഉടന്‍ ഉണ്ടാക്കണമെന്നും ഡല്‍ഹി ഉപ മുഖ്യന്ത്രി മനിഷ് സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിയമം ലഘിക്കുന്നവര്‍ക്കെതിരെ ഡല്‍ഹി സ്കൂള്‍ എജ്യൂക്കേഷന്‍ ആക്ട്, ദേശീയ ദുരന്ത നിവാരണ ആക്ട് എന്നിവ പ്രകാരം കേസെടുക്കും. ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ഫീസ് അടയ്ക്കാന്‍ വൈകിയതിന് ചില കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും ഒഴിവാക്കുന്ന അവസ്ഥയുമുണ്ട്. സ്വകാര്യ സ്കൂളുകളുടെ ഇത്തരം നിലാപാടുകള്‍ തിരുത്തണമെന്നും സിസോദിയ പറഞ്ഞു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ 221 ഗുരുതര കുറ്റകൃത്യങ്ങളാണ് റിപ്പേര്‍ട്ട് ചെയ്തത്. എന്നാല്‍ 2020ല്‍ ഈ കാലയളവില്‍ 66 കേസുകള്‍ മാത്രമാണ് റിപ്പേര്‍ട്ട് ചെയ്തതെന്നു അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യങ്ങളില്‍ 70 ശതമാനത്തിന്‍റെ കുറവുണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ഏപ്രില്‍ ആദ്യ പകുതിയില്‍ 10579 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2020ല്‍ ഇതുവരെ റിപ്പോര്‍ട്ട് 2574 കേസ് മാത്രണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക, ബലാത്സംഗ കേസുകളില്‍ വലിയ കുറുവുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ച്ചക്കിടെ നാല് കൊലപാതക കേസും 21 ബലാത്സംഗ കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍വര്‍ഷമിത് 19 കൊലപാതക കേസും 93 ബലാത്സംഗ കേസുമായിരുന്നെന്നും സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കളവ്, പിടിച്ചുപറി കേസുകളില്‍ 62-79 ശതമാനം വരെ കുറവുണ്ട്.
കൊവിഡ്-19 പടര്‍ന്ന പിടിക്കുന്ന സാഹചര്യത്തില്‍ ഹാന്‍ഡ് സാനിറ്റൈസറുകളുടേയും അവശ്യ മരുന്നുകളുടേയും ലഭ്യത ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി വിജയ് ദേവ് ആവശ്യപ്പെട്ടു. മെഡിക്കല്‍ ഷോപ്പുകളിലും മറ്റ് കടകളിലും സാനിറ്റൈസറുകള്‍ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം അറിയിച്ചു.