ഹൈദരാബാദ്: തെലങ്കാനയിൽ സെപ്റ്റംബർ അവസാനത്തോടെ കൊവിഡിന്‍റെ തീവ്രത കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ഇതുവരെ അഞ്ച് ലക്ഷം കൊവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. തെലങ്കാനയിലെ ഗ്രാമ പ്രദേശങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) പ്രദേശത്ത് അണുബാധ നിരക്ക് കുറയുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇത് ഇനിയും കുറയുമെന്നും പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ജി. ശ്രീനിവാസ് റാവു പറഞ്ഞു. തെലങ്കാനയുടെ വീണ്ടെടുക്കൽ നിരക്ക് 80 ശതമാനം ആണ്. മരണനിരക്ക് 0.7 ശതമാനമാണെന്നും ദേശീയതലത്തിൽ 1.8 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 24 ലെ കണക്കുപ്രകാരം, രോഗലക്ഷണങ്ങളുള്ള 17,226 പേർ ഹോം ക്വാറന്‍റൈനിലാണ് ഉള്ളത്. 6,511 പേർ സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നു. മെഡിക്കൽ, ആരോഗ്യ വകുപ്പിലെ 20,000ത്തോളം ജീവനക്കാർക്ക് വൈറസ് ബാധിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകളിൽ ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികളാണ്. സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ ആശുപത്രികളിലും കൊവിഡ് -19 ചികിത്സാ മരുന്നുകൾ ലഭ്യമാണെന്ന് മെഡിക്കൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തി. തെലങ്കാനയില്‍ അടുത്തിടെ 319 മെഡിക്കൽ ഓഫീസർമാരെ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നിയമിച്ചു. അവരിൽ ഭൂരിഭാഗം പേരും ജില്ലാതല ആശുപത്രികളിലാണ്.