ഗുവാഹത്തി: ലോക്‌ഡൗണിന് ശേഷം സംസ്ഥാനത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പെർമിറ്റ് സംവിധാനം ആരംഭിക്കാൻ ആലോചിക്കുന്നതായി അസം സർക്കാർ. അസമിലേക്ക് വരാൻ ആഗ്രഹിക്കുന്ന സ്ഥിരം നിവാസികൾ ഉൾപ്പെടെയുള്ളവരുടെ വരവ് നിയന്ത്രിക്കാനാണ് സംവിധാനമൊരുക്കുന്നതെന്ന് ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഘട്ടം ഘട്ടമായി മാത്രമേ അസമിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ഒരുപാട് പേർ എത്തിയാൽ അത്രയും പേർക്ക് ക്വാറന്‍റൈൻ ഒരുക്കാൻ സംസ്ഥാനത്ത് സൗകര്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും അസമിലൂടെ കടന്നുപോകുന്നവർക്കും പാസ് നൽകും.
കഴിഞ്ഞ മാസം തബ്‌ലിഗ് ജമാഅത്ത് മർകസിൽ പങ്കെടുത്തവർ കൊവിഡ് -19 പരിശോധനയ്ക്കായി റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് നിന്ന് 617 പേർ പങ്കെടുത്തതായി ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 128 പേരുടെ സാമ്പിളുകൾ ഇനിയും എടുത്തിട്ടില്ല. അസമിൽ 26 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.