ന്യൂഡല്‍ഹി: ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൃത്യമായി പരീക്ഷകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പ്രത്യേക സൗകര്യങ്ങളൊരുക്കാൻ നിര്‍ദേശം നല്‍കിയിരുന്നു. അവ പുരോഗമിക്കുകയാണ്. നിലവിലെ ഒരുക്കങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തൃപ്‌തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തരുതെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട് പോയിട്ടില്ല. കുട്ടികളുടെ ഭാവി എന്തിനാണ് ഇല്ലാതാക്കുന്നത്. എന്തിനാണ് രാജ്യത്തെ പിന്നോട്ടടിക്കുന്നത്. രണ്ടും മൂന്ന് വര്‍ഷങ്ങളായി പരിശീലനം നേടി പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ഥികളെ നിരാശരാക്കുന്നത് ശരിയല്ലെന്നും രമേഷ് പൊഖ്രിയാല്‍ അഭിപ്രായപ്പെട്ടു. അഞ്ച് മണിക്കൂറിനുള്ളില്‍ ലക്ഷക്കണക്കിന് കുട്ടികളാണ് അഡ്‌മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തത്. ഇത് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനുള്ള പിന്തുണയാണെന്നും രമേഷ് പൊഖ്രിയാല്‍ പറഞ്ഞു.