അഹമ്മദാബാദ്: ഗുജറാത്തിൽ കൊവിഡ് 19നെ തുടർന്ന് പരിശോധനക്ക് അയച്ച 51 പേരുടെ ഫലം നെഗറ്റീവാണെന്നും ഒരാളുടെ ഫലം വരാനുണ്ടെന്നും മുതിർന്ന ആരോഗ്യ പ്രവർത്തകൻ പറഞ്ഞു. ഗുജറാത്തിൽ ഇതുവരെ ആർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല.സൂറത്ത്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലായി 2231 വിനോദ സഞ്ചാരികളെ നിരീക്ഷിച്ചിട്ടുണ്ടെന്നും 1,024 പേർ വീടുകളിൽ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ കമ്മീഷണർ ജയ് പ്രകാശ് ശിവഹാരെ പറഞ്ഞു. അഹമ്മദാബാദിലെ ബി.ജെ മെഡിക്കൽ കോളജിലും സൂറത്തിലെ എം.പി ഷാ മെഡിക്കൽ കോളജിലുമാണ് സാമ്പിളുകൾ പരിശോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് നിർദേശം ലഭിച്ചാൽ സൂററ്റ്, വഡോദര, രാജ്കോട്ട് എന്നിവിടങ്ങളിലായി ലാബുകൾ സ്ഥാപിക്കും . 2,400 മെഡിക്കൽ ഓഫീസർമാർക്കും 14,000 പാരാ മെഡിക്കൽ സ്റ്റാഫുകൾക്കും പരിശീലനം നൽകിയെന്നും അടിയന്തര സാഹചര്യങ്ങൾ പരിഹരിക്കുന്നതിനായി 572 കിടക്കകളും 204 വെന്‍റിലേറ്ററുകളും തയ്യാറാക്കിയിട്ടുണ്ടെന്നും ശിവഹാരെ കൂട്ടിച്ചേർത്തു.