ഗര്‍ഭിണികളുടെ കൊവിഡ് പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി - ഡല്‍ഹി ഹൈക്കോടതി
പരിശോധനാ ഫലം ലഭിക്കാന്‍ ദിവസങ്ങള്‍ എടുക്കുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഫലം പഴയതാണെന്ന് കാട്ടി വീണ്ടും പരിശോധനക്ക് നിര്‍ദേശിക്കുമെന്നും കോടതി പറഞ്ഞു
ന്യൂഡല്‍ഹി: ഗര്‍ഭിണികളുടെ കൊവിഡ് പരിശോധനാ ഫലം നല്‍കുന്നത് വേഗത്തിലാക്കുന്നത് പരിഗണിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനോടും ഐസിഎംആറിനോടും ഡല്‍ഹി ഹൈക്കോടതി. നിലവില്‍ പരിശോധനാ ഫലം വരുന്നതിന് അഞ്ചും ആറും ദിവസങ്ങളെടുക്കുന്നത് പ്രസവ സമയത്ത് ഗര്‍ഭിണികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേലും ജസ്റ്റിസ് പ്രതീക് ജലനും അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. ഗര്‍ഭിണികളുടെ പരിശോധനാ ഫലങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പരിശോധനാ ഫലം ലഭിക്കാന്‍ ദിവസങ്ങള്‍ എടുക്കുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുപ്പോള്‍ ഫലം പഴയതാണെന്ന് കാട്ടി വീണ്ടും പരിശോധനക്ക് നിര്‍ദേശിക്കുമെന്നും കോടതി പറഞ്ഞു. അതേസമയം വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരും ഐസിഎംആറും ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രശ്‌നത്തില്‍ പ്രതികരണം ആരാഞ്ഞ് കോടതി ജൂണ്‍ 12ന് സംസ്ഥാന സര്‍ക്കാരിനും ഐസിഎംആറിനും നോട്ടീസ് അയച്ചിരുന്നു. ഹര്‍ജിയില്‍ കോടതി ജൂലൈ ഒന്നിന് വീണ്ടും വാദം കേള്‍ക്കും.