ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംസ്ഥാന മുഖ്യമന്ത്രിമാരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കൊവിഡിനെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായും ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ ആരോപിച്ചു. വീഡിയോ സന്ദേശത്തിലൂടെയാണ് ഷാനവാസ് ഹുസൈൻ ഇക്കാര്യം പറഞ്ഞത്. സോണിയ ഗാന്ധിയും കോൺഗ്രസും രാഷ്ട്രീയം കളിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മുഖ്യമന്ത്രിമാരെയും ഒപ്പം കൊണ്ടുപോകുമ്പോൾ ഈ മാരകമായ പകർച്ചവ്യാധിയെ ചെറുക്കാൻ കഠിനമായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം രാഹുൽ ഗാന്ധി, പിന്നെ പ്രിയങ്ക വാദ്ര, ഇപ്പോൾ സോണിയ ഗാന്ധി, ഡോ. മൻമോഹൻ സിംഗ് എന്നിവരും ഈ രീതിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധി കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തിൽ സോണിയ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്ത് സംസാരിച്ചു. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സർക്കാരിനെയും തമ്മിൽ വേർതിരിക്കാനാണ് ഈ ശ്രമമെന്നും ഹുസൈൻ പറഞ്ഞു. കൊവിഡ് വൈറസിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്താൻ കോൺഗ്രസിന് അവകാശമില്ല. ഈ സമയത്ത് എല്ലാവരും ഒരുമിച്ചു നിൽക്കണം. പക്ഷേ ലോക്ക് ഡൗണിനെക്കുറിച്ച് സോണിയ ഗാന്ധി ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അവർ ഈ രീതിയിൽ പെരുമാറുന്നത് നിർഭാഗ്യകരമാണ്. കോൺഗ്രസ് നിർദേശങ്ങൾ നൽകുകയോ ഒരു തരത്തിലും സഹായിക്കുകയോ ചെയ്തിട്ടില്ല. രാജ്യം മുഴുവൻ പ്രധാനമന്ത്രിക്കൊപ്പം നിൽക്കുമ്പോൾ സർക്കാരിനെ ആക്രമിക്കുക മാത്രമാണ് അവർ ചെയ്തതെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു. സോണിയ ഗാന്ധി രാജ്യത്തെ മുഖ്യമന്ത്രിമാരെ ഭിന്നിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസിനോട് അഭ്യർത്ഥിക്കുന്നതായും ഹുസൈൻ പറഞ്ഞു.