ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവുമൂലമുള്ള നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു. വില വര്‍ധനക്കെതിരെ സഭക്കകത്തും പുറത്തും പ്രതിഷേധിക്കുമെന്നും അജയ് മാക്കന്‍ അറിയിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി എണ്ണവില 50 ശതമാനത്തില്‍ താഴെയായിട്ടും ബിജെപി സര്‍ക്കാരിന്‍റെ ഭരണമികവ് കാരണമാണ് രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുത്തനെ ഉയരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ നിരക്ക് 35-40 ശതമാനമായി കുറക്കണം. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ജിഎസ്‌ടിക്ക് കീഴിലാക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ പെട്രോളിന് എക്‌സൈസ് തീരുവ ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു എന്നാല്‍ നിലവില്‍ പെട്രോളിന് 22.98 രൂപയായും ഡീസലിന് 18.83 രൂപയായും വര്‍ധിച്ചു. മോദി-ഷാ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആഗോള മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണവില കുത്തനെ കുറയുന്നതിനിടെയാണ് ഇന്ധന വില വീണ്ടും വര്‍ധപ്പിച്ചതായി ശനിയാഴ്‌ച കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്.