ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന കോൺഗ്രസിന്‍റെ ആവശ്യത്തിനെതിരെ ബിജെപി രംഗത്ത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവന വിവേക ശൂന്യമാണെന്നും സിഎഎക്കെതിരെ പ്രതിഷേധിക്കുന്നവരോട് സംയമനം പാലിക്കാനാണ് ആവശ്യപ്പെടേണ്ടതെന്നും ബിജെപി വക്താവ് സുദേഷ് വർമ ഇടിവി ഭാരതിനോട് പറഞ്ഞു.
കോണ്‍ഗ്രസും ആം ആദ്‌മിയും സിഎഎക്കെതിരെയുള്ള പ്രതിഷേധങ്ങളെ പിന്തുണക്കുകയും സമരം ചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഷഹീന്‍ ബാഗിലെ പ്രതിഷേധത്തേയും അവര്‍ പിന്തുണക്കുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിനിടെയുണ്ടായ അക്രമവും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടികളാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. വിഷയം ഗൗരവമായി അന്വേഷിക്കും. എല്ലാ സത്യങ്ങളും ഉടന്‍ തന്നെ വ്യക്തമാകുമെന്നും സുദേഷ് വർമ പറഞ്ഞു. ഡല്‍ഹി സംഘര്‍ഷത്തില്‍ കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് സോണിയ ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദേശീയ തലസ്ഥാനം കത്തിക്കൊണ്ടിരിക്കുമ്പോഴും ജനങ്ങൾ ആക്രമിക്കപ്പെടുമ്പോഴും ആഭ്യന്തരമന്ത്രി എന്താണ് ചെയ്യുന്നതെന്ന് സോണിയ ചോദിച്ചു.