ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ ഒമ്പത് ദിവസത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്(ഇ ഡി) കസ്റ്റഡിയിൽ നിന്നും ഡൽഹി കോടതിയിൽ വെള്ളിയാഴ്‌ച ഹാജരാക്കും.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി സെപ്റ്റംബർ മൂന്നിനാണ് എൻഫോഴ്സ്മെന്‍റ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. ശിവകുമാറിന്‍റെ മകൾ ഐശ്വര്യ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് മുമ്പിൽ വ്യാഴാഴ്‌ച ഹാജരായെന്ന് ഇ ഡി അധികൃതർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ(പി.എം.എൽ.എ)ത്തിന്‍റെ അടിസ്ഥാനത്തിലാണ് ഐശ്വര്യയുടെ മൊഴിയെടുത്തത്.
2017ൽ ശിവകുമാർ നടത്തിയ സിംഗപ്പൂർ യാത്രയുടെ ചില രേഖകളും ഐശ്വര്യയുടെ പേരിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ സാമ്പത്തിക ഇടപാടുകളുടെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനാണ് മൊഴിയെടുത്തത്. കോടികളുടെ നികുതി വെട്ടിപ്പും ഹവാല ഇടപാടുകളും ആരോപിച്ച് ബംഗളുരു പ്രത്യേക കോടതിയിൽ നികുതി വകുപ്പ് നൽകിയ പരാതിയെത്തുടർന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് പി.എം.എൽ.എ പ്രകാരം ശിവകുമാറിനെതിരെ കേസെടുത്തത്.