ന്യൂഡൽഹി: ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസ് ഒക്ടോബർ രണ്ടിന് രാജ്യത്തുടനീളം പദയാത്ര സംഘടിപ്പിക്കും. പാർട്ടിയുടെ ഇടക്കാല പ്രസിഡൻ്റ് സോണിയ ഗാന്ധി ഡല്‍ഹിയിലും മുൻ കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലെ വാർധയിലും പദയാത്രയിൽ പങ്കെടുക്കും. ഗാന്ധിയുടെ പാരമ്പര്യത്തെ തട്ടിയെടുക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ചെറുക്കാനാണ് ഗാന്ധിജിയുടെ 150-ാം ജന്മവാർഷിക ദിനമായ ഒക്ടോബർ രണ്ടിന് കോൺഗ്രസ് പദയാത്ര ആസൂത്രണം ചെയ്യുന്നതെന്ന് കോൺഗ്രസ്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഹരിയാനയിൽ നടക്കുന്ന പദയാത്രയിൽ പങ്കെടുത്തേക്കാമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ബീഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ചമ്പാരനിലെ പദയാത്രക്ക് പ്രിയങ്ക ഗാന്ധിയെ ലഭ്യമാവുന്നതിന് ശ്രമിക്കുകയാണെന്ന് പാർട്ടി നേതാവ് പറഞ്ഞു. 1917ൽ ഗാന്ധി സത്യഗ്രഹം ആരംഭിച്ച ബീഹാറിലെ സ്ഥലമാണ് ചമ്പാരൻ. ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്ന് രാജ്ഘട്ട് വരെയാകും സോണിയ ഗാന്ധി പദയാത്ര നടത്തുകയെന്ന് പാർട്ടി നേതാവ് അറിയിച്ചു. ഒക്ടോബർ രണ്ടിന് രാഹുൽ ഗാന്ധി മഹാരാഷ്ട്രയിൽ നടക്കുന്ന വോട്ടെടുപ്പ് പ്രചാരണവും ആരംഭിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.