ലഖ്‌നൗ: അതിഥി തൊഴിലാളികളെ മടക്കിയെത്തിക്കുന്നതിന് യുപി സര്‍ക്കാരിന് സമര്‍പ്പിച്ച ബസുകളുടെ പട്ടികയില്‍ ഓട്ടോറിക്ഷയുടേയും കാറിന്‍റെയും നമ്പറുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബിജെപി. തികച്ചും നിര്‍ഭാഗ്യകരവും കോണ്‍ഗ്രസിന്‍റെ തട്ടിപ്പാണിതെന്നും ബിജെപി വക്താവ് സിദ്ധാര്‍ഥ നാഥ് സിംഗ് പറഞ്ഞു. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചെയ്‌ത പ്രവര്‍ത്തിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിശദീകരണം നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികളുടെ പേരില്‍ ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും സിദ്ധാര്‍ഥ നാഥ് പറഞ്ഞു.
അതിഥി തൊഴിലാളികളെ മടക്കിയെത്തിക്കാന്‍ അനുമതി നല്‍കുന്നതിന് കോണ്‍ഗ്രസ് സമര്‍പ്പിച്ച ബസുകളുടെ പട്ടികയിലാണ് ക്രമക്കേട് നടന്നത്. അതേസമയം വാഹനത്തിന്‍റെ നമ്പറുകള്‍ രേഖപ്പെടുത്തുന്നതില്‍ ചിലയിടത്ത് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസ് അതിഥി തൊഴിലാളികളെ എത്തിക്കുന്നതിന് 1000 ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു. ഇത് സംബന്ധിച്ച് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. വാഹനത്തിന്‍റെ ഫിറ്റ്നസ്, ഡ്രൈവര്‍മാരുടെ ലൈസന്‍സ്, മറ്റ് രേഖകള്‍ എന്നിവ പരിശോധിച്ച ശേഷമായിരിക്കും യാത്ര അനുവദിക്കുകയെന്നും നോട്ടീസില്‍ പറഞ്ഞു.