പനാജി: മനോഹര്‍ പരീക്കറിന്‍റെനേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പിരിച്ചുവിട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുയര്‍ത്തി കോണ്‍ഗ്രസ്. മനോഹര്‍ പരീക്കര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും. നിയമസഭയിലും സര്‍ക്കാരിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഗോവ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കോണ്‍ഗ്രസ്. ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസ മരണപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും കോണ്‍ഗ്രസ് ചുണ്ടിക്കാട്ടുന്നു. അതേസമയം എംഎൽഎമാരെ അടർത്തി സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് സംശയിക്കുന്ന ബിജെപി, പാർട്ടി എംഎൽഎമാരോട് പനാജിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.
40 അംഗ സഭയിൽ ബിജെപി അംഗം ഫ്രാൻസിസ് ഡിസൂസയുടെ മരണത്തോടെ ബിജെപിയുടെ അംഗസംഖ്യ 13 ആയി കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിന് പതിനാല് സീറ്റുണ്ട്. എംജിപി, ജിഎഫ്പി, എൻസിപി എന്നിവയുടെ ഏഴും ഒരു സ്വതന്ത്ര എംഎൽഎയും നിലവിൽ ബിജെപിക്കൊപ്പമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസ് മാറിയെങ്കിലും ബിജെപി സർക്കാരിന് ഭൂരിപക്ഷമുണ്ട്.