ന്യൂഡൽഹി: വെട്ടുകിളി ആക്രമണത്തെ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ്. രാജ്യത്ത് പല ഇടങ്ങളിലും വെട്ടുകിളി കൂട്ടങ്ങൾ വിള നശിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.
ഹരിയാനയിലെ ഗുഡ്ഗാവ്, ദേശീയ തലസ്ഥാനത്തിന്‍റെ അതിർത്തി പ്രദേശങ്ങൾ, ഉത്തർപ്രദേശിലെ പകുതിയിൽ അധികം ജില്ലകൾ എന്നിവിടങ്ങളിലാണ് വെട്ടുകിളി ആക്രമണം ശക്തമായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൈയടിച്ചും പാത്രങ്ങളിൽ കൊട്ടുയുമാണ് വെട്ടുകിളിയെ നേരിടേണ്ടതെന്നും കൊവിഡിനെ തുരത്താൻ കേന്ദ്ര സർക്കാറും ഇതേ മാർഗമാണ് സ്വീകരിച്ചതെന്നും രൺദീപ് സുർജേവാല പരിഹസിച്ചു. ഇതൊന്നുമല്ലാതെ ശാസ്ത്രീയമായ മറ്റൊരു പരിഹാരവും സർക്കാരിന് മുമ്പിൽ ഇല്ലേയെന്നും സുർജേവാല ചോദിച്ചു.
ഹരിയാനയെ കൂടാതെ രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും വെട്ടുകിളി ആക്രമണം ശക്തമാകുകയാണ്. പാകിസ്ഥാനിൽ നിന്നെത്തിയ വെട്ടുകിളികൾ ഈ സംസ്ഥാനങ്ങളിലെ 84 ലധികം ജില്ലകളിൽ നിന്നുള്ള കർഷകരെ സാരമായി ബാധിച്ചു. എന്നാൽ കർഷകർക്ക് വേണ്ട ഒരു ആശ്വാസ നടപടികളും സർക്കാർ സ്വീകരിക്കുന്നില്ലെന്ന് സുർജേവാല കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി സർക്കാരിന് മുന്നറിയിപ്പ് നൽകിയതാണെന്നും എന്നാൽ കൊവിഡിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ സർക്കാർ നടപടിയെടുത്തില്ലെന്നും കോൺഗ്രസ് മുഖ്യ വക്താവ് ആരോപിച്ചു.
വെട്ടുകിളി ആക്രമണം പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കാത്തതിനാൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനികൾ വിസമ്മതിക്കുന്നു. അതിനാൽ കൃഷി വകുപ്പും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും (എൻഡിഎംഎ) പ്രകൃതിദുരന്തത്തിന്‍റെ പട്ടികയിൽ വെട്ടുക്കിളി ആക്രമണത്തെ ഉൾപ്പെടുത്തി വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുർജേവാല ആവശ്യപ്പെട്ടു.