ന്യൂഡൽഹി: പുതിയ കാർഷിക ബില്ലുകൾ കർഷകരെ അടിമകളാക്കുമെന്ന് കോൺഗ്രസ്. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ഭാരത് ബന്ദ് ആഹ്വാനം ചെയ്തതിന്‍റെ പശ്ചാത്തലത്തിലായിരുന്നു കോൺഗ്രസിന്‍റെ പ്രസ്താവന. മൺസൂൺ സമ്മേളനത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കിയ മൂന്ന് ബില്ലുകൾക്കെതിരെ വിവിധ കർഷക ഗ്രൂപ്പുകൾ വെള്ളിയാഴ്ച ഭാരത് ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാർദ്ര, രൺദീപ് സുർജേവാല എന്നിവർ കാർഷിക ബില്ലുകൾക്കെതിരെ സംസാരിക്കുകയും ഭാരത് ബന്ദിനെ പിന്തുണക്കുകയും ചെയ്തു.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സർക്കാരിനെതിരെ രംഗത്തെത്തി. കർഷക ബില്ലുകൾ ഈസ്റ്റ് ഇന്ത്യാ കമ്പനി നിയമത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് അവർ പറഞ്ഞു. നിയമം കർഷകരുടെ എംഎസ്‌പി തട്ടിയെടുക്കുമെന്നും കരാർ കൃഷിയിലൂടെ ശതകോടീശ്വരന്മാരുടെ അടിമകളാകാൻ കർഷകർ നിർബന്ധിതരാകുമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റിൽ പറഞ്ഞു. അവർക്ക് സമൂഹത്തിൽ അംഗീകാരമോ ബഹുമാനമോ ലഭിക്കുകയില്ല. കർഷകർ സ്വന്തം ഭൂമിയിൽ തൊഴിലാളികളാകും. ബിജെപിയുടെ കാർഷിക ബില്ലുകൾ ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന്‍റെ ഓർമപ്പെടുത്തലാണ്. ഈ അനീതി സംഭവിക്കാൻ അനുവദിക്കില്ലെന്നും അവർ കുറിച്ചു.
കർഷകരുടെ പോരാട്ടത്തിൽ പാർട്ടി പങ്കുചേരുന്നതായി കോൺഗ്രസ് വക്താവ് സുർജേവാല പറഞ്ഞു. കോൺഗ്രസും കർഷകരും ഒരുമിച്ച് പോരാടുമെന്നും കർഷകരെ അടിമകളാക്കാൻ മോദി സർക്കാരിനെ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കർഷക ബിൽ കർഷകരുടെ താൽപ്പര്യത്തിന് ഹാനികരമാകുമെന്നും കോർപ്പറേറ്റുകൾക്ക് ഗുണം ചെയ്യുമെന്നും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും വ്യക്തമാക്കി. അതേസമയം, ബില്ലുകൾ കർഷകർക്ക് പ്രയോജനകരമാകുമെന്നും വരുമാനം വർധിപ്പിക്കുമെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം.