ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്‍റെ ഒന്നാം വാർഷികത്തിൽ കേന്ദസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. 'ഭാരത് കാ വീര്‍ ഫണ്ട്' പുല്‍വാമ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിലേക്ക് എത്തുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ ആരോപിച്ചു.
2019 ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ 250 കോടിയാണ് ഭാരത് കാ വീര്‍ ഫണ്ടിലേക്ക് എത്തിയത്. അമിത് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈകാര്യം ചെയ്യുന്ന ഫണ്ട് ഇതുവരെ അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്തിയിട്ടില്ലെന്ന് ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. പുല്‍വാമ ആക്രമണത്തെ സംബന്ധിച്ചുള്ള അന്വേഷണം കൃത്യമല്ലെന്നും അദ്ദേഹം ആരോപിച്ചു. കേസന്വേഷണം എന്‍ഐഎയ്‌ക്ക് കൈമാറിയിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. സര്‍ക്കാരിന്‍റെ മൂക്കിന്‍റെ തുമ്പത്ത് നടന്ന ആക്രമണത്തിനായി സ്‌ഫോടകവസ്‌തുക്കള്‍ എങ്ങനെയാണ് എത്തിയതെന്ന് പോലും കണ്ടെത്താനായിട്ടില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.