ന്യൂഡല്‍ഹി: പഞ്ചാബില്‍ കര്‍ഷകര്‍ മൊബൈല്‍ ടവറുകള്‍ തകര്‍ത്തതില്‍ അപലപിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇത്തരം പ്രവൃത്തികള്‍ ചെയ്യരുതെന്നും കര്‍ഷകര്‍ ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകര്‍ അന്നദാതാക്കളാണെന്നും രാജ്യത്തിന്‍റെ നട്ടെല്ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം പ്രതിഷേധിക്കുന്ന കര്‍ഷകരെ നക്‌സലുകളെന്നും ഖാലിസ്ഥാനികളെന്നും വിളിക്കരുതെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ കേന്ദ്രവുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള ആറാം ഘട്ട ചര്‍ച്ചയ്‌ക്ക് മുന്‍പായാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
അതേസമയം കേന്ദ്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ രാഹുല്‍ഗാന്ധിക്കെതിരെ പ്രതികരിക്കാനും അദ്ദേഹം മറന്നില്ല. കാര്‍ഷിക കുടുംബത്തില്‍ പിറന്നതിനാല്‍ രാഹുല്‍ ഗാന്ധിയെക്കാള്‍ കൂടുതല്‍ കൃഷിയെപ്പറ്റി തനിക്കറിയാമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയും പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചതെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്ക് അനൂകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരുെട വേദന സര്‍ക്കാറിന്‍റെയും വേദന കൂടിയാണെന്ന് മുന്‍ കാര്‍ഷിക മന്ത്രി കൂടിയായ രാജ്‌നാഥ് സിങ് പറഞ്ഞു. അതേസമയം പഞ്ചാബില്‍ മൊബൈല്‍ ടവറുകള്‍ തകര്‍ത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിര്‍ദേശിച്ചിട്ടുണ്ട്. മൊബൈല്‍ ടവറുകളിലേക്കുള്ള വൈദ്യുത വിതരണം തടസപ്പെടുത്തിയതായി കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.