ചണ്ഡീഗഡ്: ദളിത് സമൂഹത്തിനെതിരെ ജാതീയ പരാമർശം നടത്തിയെന്നാരോപിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ പരാതി. ദളിത് അവകാശ പ്രവർത്തകനും അഭിഭാഷകനുമായ രജത് കൽസനാണ് യുവരാജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെ ഹൻസി എസ്‌പി ലോകേന്ദ്ര സിംഗിന് പരാതി നൽകിയിരിക്കുന്നത്. ക്രിക്കറ്റ് താരം രോഹിത് ശർമയുമായുള്ള ലൈവ് ചാറ്റിനിടെ ദളിത് സമുദായത്തെക്കുറിച്ച് അവഹേളനപരമായ പരാമർശം നടത്തിയെന്നാണ് ആരോപണം.
ലൈവ് ചാറ്റ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും സംഭാഷണത്തിനിടെ ക്രിക്കറ്റ് താരം യുശ്വേന്ദ്ര ചഹാലിനെ വിശേഷിപ്പിക്കാൻ യുവരാജ് ഉപയോഗിച്ച പദം ദളിത് സമൂഹത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ പരാതിയിൽ യുവരാജിനെതിരെ നടപടിയൊന്നും സ്വീകരിച്ചില്ലെങ്കിൽ ഇക്കാര്യത്തിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഭിഭാഷകൻ രജത് കൽസൻ മുന്നറിയിപ്പ് നൽകി. വീഡിയോ വൈറലായതിനെ തുടർന്ന് ട്വിറ്ററിൽ യുവരാജ്_മാഫി_മാംഗോ എന്ന ഹാഷ്‌ടാഗോട് കൂടി യുവരാജ് മാപ്പ് പറയണമെന്ന ആവശ്യവും ഉയർന്നിരുന്നു.
അതേസമയം, തങ്ങൾക്ക് പരാതി ലഭിച്ചതായും അന്വേഷണത്തിന് ഡിഎസ്‌പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എസ്‌പി ലോകേന്ദ്ര സിംഗ് പറഞ്ഞു. അന്വേഷണം പൂർത്തിയായാൽ ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.