ചെന്നൈ: തലസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവ് നൽകിയതായി തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി. ജൂലൈ ആറ് മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. 17 ദിവസത്തെ കർശന നിയന്ത്രണങ്ങൾക്ക് ശേഷമാണ് ചെന്നൈയിൽ ഇളവ് പ്രഖ്യാപിച്ചത്. അതേസമയം, മധുരയിലും സമീപ പ്രദേശങ്ങളിലും ജൂലൈ 12 വരെ നിയന്ത്രണം തുടരും.
ചെന്നൈ, സബർബൻ പ്രദേശങ്ങളിൽ രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ പച്ചക്കറി കടകളും പലചരക്ക് സാധനങ്ങളും പ്രവർത്തിക്കുമെന്ന് പളനിസ്വാമി പ്രസ്താവനയിൽ പറഞ്ഞു. റെസ്റ്റോറന്‍റുകൾ ടേക്ക്‌അവേ സേവനങ്ങളിൽ മാത്രം തുടരും. മാളുകൾ ഒഴികെയുള്ള എല്ലാത്തരം ഷോറൂമുകളും തുണിത്തരങ്ങളും ആഭരണങ്ങളും ഉൾപ്പെടെയുള്ള മറ്റ് ബിസിനസുകളും തുടങ്ങാൻ അനുമതിയുണ്ട്.
മധുര നഗരത്തിലും പരവായ് ടൗൺ പരിസരത്തും അവശ്യ സേവനങ്ങൾക്ക് മാത്രമേ പ്രവർത്തനാനുമതിയുള്ളു. കണ്ടെയിൻമെന്‍റ് സോണുകളിൽ ഒരു തരത്തിലുള്ള പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.