ന്യൂഡല്‍ഹി: രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലണമെന്ന കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്‍റെ മുദ്രാവാക്യത്തിനെതിരെ കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്ത്. മന്ത്രിയുടെ പ്രസംഗം ഭരണഘടനക്ക് എതിരാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടാത്തത് ഞെട്ടിക്കുന്നതാണെന്നും കപിൽ സിബൽ പറഞ്ഞു.
അനുരാഗ് താക്കൂറിന്‍റെ പ്രസംഗം ഭരണഘടനാലംഘനമാണ്. ഇത്തരക്കാരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കണം. എന്നാല്‍ ഇവര്‍ ബിജെപിയുടെ ആളുകളാണ്. അതിനാല്‍ നടപടിയുണ്ടാകില്ലെന്ന് കപിൽ സിബൽ ആരോപിച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിലാണ് കേന്ദ്രമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്തെ ഒറ്റുകാരെ വെടിവക്കൂവെന്നാണ് റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ അനുരാഗ് താക്കൂര്‍ പറഞ്ഞത്. ഡല്‍ഹിയിലെ ബിജെപി പ്രചാരണ യോഗത്തിലായിരുന്നു സംഭവം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗിരിരാജ് സിങ്ങും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.