ന്യൂഡൽഹി: പൊലീസ്- അഭിഭാഷക തർക്കത്തെ തുടർന്ന് ഡൽഹി സാകേത് കോടതിയിൽ സംഘർഷം രൂക്ഷം. അഭിഭാഷകർ കോടതി ഗേറ്റ് അടച്ചുവെങ്കിലും ഗേറ്റ് തുറക്കാനുള്ള ശ്രമത്തിനിടെയാണ് സംഘർഷം രൂക്ഷമായത്. ഇതേ തുടർന്ന് ഡൽഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തുടങ്ങി. ഇതിനിടെ, രോഹിണി കോടതിക്ക് പുറത്ത് അഭിഭാഷകന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം നടത്തി. സഹപ്രവർത്തകർ പിന്തിരിപ്പിച്ചതിനാൽ അത്യാഹിതം ഒഴിവായി.
തിസ് ഹസാരി കോടതിവളപ്പില്‍ വെടിവെപ്പിന് ഉത്തരവിട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. എന്നാല്‍ അഭിഭാഷകര്‍ തങ്ങളെ മര്‍ദിച്ച കാര്യമാണ് പൊലീസുകാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
തീസ് ഹസാരി കോടതി വളപ്പിൽ പൊലീസ് വാഹനത്തിന് മേൽ അഭിഭാഷകന്‍റെ വാഹനം ഇടിക്കുകയും തുടർന്ന് അഭിഭാഷകരിൽ ഒരാളെ പൊലീസ് ലോക്കപ്പിൽ മർദിക്കുകയും ചെയ്‌തതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമാകുന്നത്. ഇതിന്‍റെ ഭാഗമായി അഭിഭാഷകർ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. പ്രക്ഷോഭകർക്ക് നേരെ പൊലീസ് വെടിയുതിർത്തു. ഇത് സംഘർഷാവസ്ഥ രൂക്ഷമാക്കി. പലയിടത്തും പൊലീസുകാർക്ക് നേരെയും കയ്യേറ്റം നടന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം 11 മണിക്കൂർ നീണ്ട പൊലീസ് സമരം നടന്നത്.