ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പൗരത്വ ഭേദഗതി ബില്ലിൽ മൂന്നരക്ക് ശേഷം ചർച്ച. ബില്ലവതരണത്തെ 293 പേർ അനുകൂലിക്കുകയും 83 പേർ എതിർക്കുകയും ചെയ്‌തു. കോൺഗ്രസും ഇടത് പാർട്ടികളും മുസ്ലീം ലീഗും ഡിഎംകെയും എൻസിപിയും ബില്ലിനെ എതിർത്തു. ബില്ലിനെ അനുകൂലിച്ച് ശിവസേനയും ബിജെപിയും ടിഡിപിയും.
ബിൽ അവതരണ വേളയിൽ ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. ബില്‍ മൗലികാവകാശങ്ങളെ തകർക്കുന്നതെന്നും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ളതെന്നും കോൺഗ്രസ് ആരോപിച്ചു. എന്നാൽ ബിൽ ഒരു ശതമാനം പോലും ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്ന് അമിത ഷാ പറഞ്ഞു. ബില്ലില്‍ വിശദമായ ചർച്ചയുടെ ആവശ്യമില്ല. എല്ലാ ആരോപണങ്ങൾക്കും ചർച്ചയില്‍ മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. വിഷയം ലോക്‌സഭാ ലിസ്റ്റിൽ ബിസിനസ് വിഭാഗമായാണ് പട്ടികപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ബുധനാഴ്‌ച കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു.
പൗരത്വ ഭേദഗതി ബിൽ ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ചോദ്യങ്ങൾക്ക് മറുപടിയായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ഇന്നലെ പറഞ്ഞിരുന്നു. ബില്ലിന്‍റെ വ്യവസ്ഥകൾ പ്രഖ്യാപിക്കുമ്പോൾ അസമും വടക്കുകിഴക്കും രാജ്യവും മുഴുവൻ അതിനെ സ്വാഗതം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു.
റിപ്പോർട്ടുകൾ പ്രകാരം ഇന്നർ ലൈൻ പെർമിറ്റ് (ഐ എൽ പി) ഉള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറം ബില്ലിന്‍റെ പരിധിയിൽ ഉൾപ്പെടില്ല. രാജ്യത്തിലെ ഒരു സംരക്ഷിത പ്രദേശത്തേക്ക് പരിമിതമായ കാലയളവിലേക്ക് ഒരു ഇന്ത്യൻ പൗരന് പ്രവേശിക്കാൻ അനുവദിക്കുന്നതിനായി ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച ഔദ്യോഗിക യാത്രാ രേഖയാണ് ഐ എൽ പി. അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലെ ഗോത്ര പ്രദേശങ്ങളും ബില്ലിൽ ഉൾപ്പെടാതെ പോകുമെന്നാണ് കരുതുന്നത്.
ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം സ്വയംഭരണ സമിതികളും ജില്ലകളും കൂടിച്ചേർന്ന് സൃഷ്ടിച്ച ആദിവാസി മേഖലയാണിത്. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പീഡനങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന ഹിന്ദുക്കൾ, ക്രിസ്‌ത്യാനികൾ, സിഖുകാർ, പാർസികൾ, ജൈനന്മാർ, ബുദ്ധമതക്കാർ എന്നിവർക്ക് ഇന്ത്യൻ ദേശീയത നൽകാൻ ശ്രമിക്കുന്നത് കൂടിയാണ് 2019 ലെ പൗരത്വ ഭേദഗതി ബിൽ. നിർദ്ദിഷ്ട ബില്ലിൽ ഭേദഗതികൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേരത്തേ പത്രസമ്മേളനം നടത്തിയിരുന്നു.