ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവച്ചത്. ഗസറ്റില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഏറെ വിവാദങ്ങള്‍ക്കും മാരത്തണ്‍ സംവാദങ്ങള്‍ക്കും ഒടുവിലാണ് പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച രാജ്യസഭ പാസാക്കിയത്. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു.
105നെതിരെ 125വോട്ടുകള്‍ക്കായിരുന്നു ബില്‍ രാജ്യസഭ പാസാക്കിയത്. 2014 ഡിസംബര്‍ 31ന് മുമ്പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പുതിയ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിക്കും. അതേസമയം ബില്‍ നിയമമായി മാറിയതോടെ പ്രതിഷേധം കനക്കാനുള്ള സാധ്യതയേറി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ഇതിനകം അക്രമത്തിലേക്ക് വഴിമാറിയിട്ടുണ്ട്. കനത്ത പ്രതിഷേധം തുടരുന്ന അസമിൽ മൂന്ന് പേര്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് അസം, ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി, വിമാന സര്‍വീസുകള്‍ റദ്ദാക്കി.