ജയ്‌പൂർ: പ്രണയത്തിന്‍റെ സ്‌മാരകമാണ് ആഗ്രയിലെ താജ്‌മഹല്‍. മൺമറഞ്ഞുപോയ തന്‍റെ പ്രിയതമ മുംതാസ് മഹലിന്‍റെ ഓർമയ്ക്കായി ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മിച്ച പ്രണയ കുടീരം. അനശ്വര പ്രണയത്തിന്‍റെ മറ്റൊരു സ്‌മാരകമായി രാജസ്ഥാനിലെ ചുരു ജില്ലയിലും നമുക്കൊരു താജ്‌മഹല്‍ കാണാം. ഈ താജ്‌മഹലിന് ഒരു പ്രത്യേകതയുണ്ട്. തന്‍റെ ഭർത്താവിന്‍റെ ഓർമയ്ക്കായി ഭാര്യയാണ് ചുരുവിലെ താജ്‌മഹൽ പണിതുയുർത്തിയത്. സേത് ഹസാരിമാലിന്‍റെ പത്നി സരസ്വതി ദേവിയും അവരുടെ ദത്തു പുത്രനും ചേര്‍ന്ന് നിർമിച്ചതാണ് ദൂത്വാഖരയിൽ സ്ഥിതി ചെയ്യുന്ന ഈ താജ്‌മഹൽ. ഈ പ്രണയ സ്‌മാരകത്തിന് ഏതാണ്ട് എഴുപത് വർഷമാണ് പഴക്കം.
മാര്‍ബിള്‍ കൊണ്ട് പണിതുയര്‍ത്തിയ ഈ കെട്ടിടത്തിൽ സിമന്‍റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല. കെട്ടിടത്തിനകത്ത് ഒരു ധര്‍മ്മശാലയും കിണറുമുണ്ട്. ഇതുവഴി പോകുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകൾ കൂടാതെ താമസിക്കാനാണ് ഈ സൗകര്യങ്ങൾ. കെട്ടിടത്തിന് മുന്‍പിലും പിറകിലും പൂന്തോട്ടങ്ങളുണ്ട്. ശ്രാവണ മാസത്തിലും ശിവരാത്രി സമയത്തും പ്രത്യേക പൂജകള്‍ നടത്താറുണ്ട്.
ഇവിടെ ശിവലിംഗം സ്ഥാപിച്ച കാലം ഗ്രാമീണര്‍ ഇപ്പോഴും ഓര്‍ത്തെടുക്കുന്നു. സുഗന്ധലേപനങ്ങളോടു കൂടിയാണ് ബോലെ ബാബയെ പ്രതിഷ്‌ഠിച്ചത്. ഇവിടെ ഒഴുകുന്ന സുഗന്ധ ദ്രവ്യങ്ങള്‍ ഗ്രാമീണര്‍ കുപ്പികളില്‍ ശേഖരിച്ച് വീടുകളിൽ സൂക്ഷിക്കും. അന്നുമുതലാണ് ശ്രാവണ മാസത്തില്‍ പ്രത്യേക പൂജകൾ ആരംഭിച്ചത്.
ഈ കെട്ടിടത്തിന്‍റെ അകത്താണ് സേത് ഹസാരിമാല്‍ സ്‌മാരകം സ്ഥിതി ചെയ്യുന്നത്. സേത് ഹാസാരിമാലിന്‍റെയും ഭാര്യ സരസ്വതി ദേവിയുടെയും പ്രതിമകൾ ഇവിടെയുണ്ട്. അതിമനോഹരവും ആകര്‍ഷകവുമാണ് കെട്ടിടത്തിന്‍റെ കുംഭങ്ങള്‍. സരസ്വതി ദേവിയുടെയും സേത് ഹസാരിമാലിന്‍റെയും ജീവിക്കുന്ന പ്രതീകമാണ് മിനി താജ്‌മഹല്‍. രാജസ്ഥാനിലെ കരകൗശല വിദഗ്‌ധരുടെ കരവിരുതും ഈ നിര്‍മിതിയില്‍ കാണാം.