മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പാർട്ടികൾ വീണ്ടും റിസോർട്ട് രാഷ്ട്രീയത്തിലേക്ക് തിരിയുന്നു. കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ ഭോപ്പാലിലേക്ക് മാറ്റുമെന്ന് പറയുമ്പോൾ ശിവസേന തങ്ങളുടെ എംഎൽഎമാരെ രാജസ്ഥാനിലെ ജയ്‌പൂരിലേക്ക് മാറ്റാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഇത് ആദ്യമായല്ല ചാക്കിട്ടുപിടിത്തം തടയാൻ സ്വന്തം എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി പാർപ്പിക്കേണ്ടി വരുന്നത്. അത്തരം ചാക്കിട്ടുപിടിത്തത്തിന്‍റെ കഥകൾ ഇങ്ങനെ
കർണാടക
ഈ അടുത്ത് നടന്ന സംഭവം കര്‍ണാടകയിലേതാണ്. ഏറ്റവും കൂടുതല്‍ റിസോര്‍ട്ട് രാഷ്ട്രീയങ്ങൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് കര്‍ണാടക.
1983ലായിരുന്നു ആദ്യ റിസോര്‍ട്ട് നാടകം. രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള ജനതാ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമുണ്ടായപ്പോള്‍ ഹെഗ്‌ഡെ സ്വന്തം പാർട്ടിയിലെ എം.എല്‍.എമാരെ മാറ്റിപ്പാര്‍പ്പിച്ചു. കോണ്‍ഗ്രസിന്റെ പിടിയിൽ നിന്ന് രക്ഷിക്കാനാണ് എം.എല്‍.എമാരെ മാറ്റിപ്പാര്‍പ്പിച്ചത് എന്നായിരുന്നു ഹെഗ്ഡെയുടെ വിശദീകരണം. സര്‍ക്കാരിനെ ഇന്ദിരാഗാന്ധി മറിച്ചിടാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ജനതാ പാര്‍ട്ടിയുടെ പ്രധാന ആരോപണം. 2004, 2006, 2008, 2012 വര്‍ഷങ്ങളിലും കഴിഞ്ഞ വര്‍ഷവും ഇതെ നാടകങ്ങള്‍ തുടർന്നു.
കർണാടക നിയമസഭയിൽ നടന്ന നിർണായക വിശ്വാസ വോട്ടെടുപ്പിന്‍റെ സമയത്ത് എൺപതോളം ബിജെപി എംഎൽഎമാരെയാണ് ബെംഗളൂരുവിലെ ആഡംബര റിസോർട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചത്. 2009-11 കാലയളവിൽ ഇത് നിരവധി തവണ സംഭവിച്ചു.
2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്ത് കർണാടകയിലെ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ വിജയകരമായി തടഞ്ഞു. ഇത് ദേശീയ പത്രങ്ങളുടെ തലക്കെട്ടുകളിൽ ഇടം നേടിയിരുന്നു. കർണാടകയിൽ നിന്നുള്ള 44 എംഎൽഎമാരെയാണ് കോൺഗ്രസ് ഒരാഴ്ചയോളം ബിദാദിയിലെ ഒരു റിസോർട്ടിൽ പാർപ്പിച്ചത്.
2019 ജനുവരിയിൽ നിർണായകമായ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിന് മുന്നോടിയായി വീണ്ടും എംഎൽഎമാരെ ബിദാദിയിലെ റിസോർട്ടിലേക്ക് മാറ്റി. ബിജെപിയുടെ വേട്ടയാടൽ ഭയന്നായിരുന്നു അന്നത്തെ നടപടി.
- ഹരിയാന
ഹരിയാനയിൽ കോൺഗ്രസിന് പ്രധാന വെല്ലുവിളിയായ ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ ഉദയം കൊണ്ട 1982ല്‍ ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകള്‍ ഇല്ലാതിരുന്നിട്ടും ഗവര്‍ണര്‍ ജി.ഡി തപാസെ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. ഐ.എന്‍.എല്‍.ഡി -ബി.ജെ.പി സഖ്യത്തെ അവഗണിച്ചായിരിന്നു അന്ന് ഗവർണറുടെ തീരുമാനം.
ഈ സാഹചര്യത്തിൽ കോൺഗ്രസിന്‍റെ ചാക്കിട്ടുപിടിത്തം തടയുന്നതിനായി ഐ.എന്‍.എല്‍.ഡി നേതാവ് ദേവി ലാല്‍ സ്വന്തം പാര്‍ട്ടിയിലെയും ബി.ജെ.പിയിലെയും 48 എം.എല്‍.എമാരെ ന്യൂഡല്‍ഹിയിലെ ഹോട്ടലിലേക്ക് മാറ്റി. എന്നാല്‍ ഈ ഹോട്ടൽ മാറ്റമൊന്നും എം.എല്‍.എമാരുടെ കൂറുമാറ്റത്തെ തടയാന്‍ ആയില്ല. ഹരിയാനയിൽ കോണ്‍ഗ്രസ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.
- ആന്ധ്രപ്രദേശ്
1984ല്‍ ഹൃദയശസ്ത്രക്രിയക്കായി എന്‍.ടി. രാമറാവു അമേരിക്കയിലേക്ക് പോയി. അദ്ദേഹത്തിന്‍റെ അഭാവത്തിൽ ഗവര്‍ണര്‍ താക്കൂര്‍ രാംലാല്‍ എൻ ഭാസ്‌കര്‍ റാവുവിനെ മുഖ്യമന്ത്രിയായി നിയമിച്ചു. ഈ സാഹചര്യത്തിൽ രാമറാവു ടി.ഡി.പി എം.എല്‍.എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടിലേക്കും പിന്നീട് ഡല്‍ഹിയിലേക്കും മാറ്റിപാർപ്പിച്ചു. ഇതോടെ ആന്ധ്ര സര്‍ക്കാര്‍ വീഴുകയും ചെയ്തു. രണ്ടു മാസത്തിനുള്ളിൽ രഥയാത്രയ്ക്ക് സമാനമായ യാത്രയുമായി രാമറാവു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്‍ തിരിച്ചുവരവാണ് നടത്തിയത്. ശങ്കർ ദയാൽ ശർമയെ അന്നത്തെ ഗവർണറായും ഇന്ദിര ഗാന്ധി നിയമിച്ചു.
1995ൽ എന്‍.ടി.ആറിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ എന്‍.ചന്ദ്രബാബു നായിഡു പട നയിച്ചു. രാമറാവുവിനെ പുറത്താക്കി പാർട്ടി ഏറ്റെടുക്കും വരെ തനിക്ക് വിശ്വസ്തരായ എം.എല്‍.എമാരെ അന്ന് ഹൈദരാബാദിലെ ഹോട്ടലിലേക്കാണ് മാറ്റിപാർപ്പിച്ചത്.
- ഗുജറാത്ത്
1995ല്‍ ശങ്കര്‍സിങ് വഗേല ബി.ജെ.പി നേതൃത്വത്തിനെതിരെ പട നയിച്ചു. അന്ന് വഗേലയുടെ കൂടെ ഉണ്ടായിരുന്ന 47 എം.എല്‍.എമാരെ മദ്ധ്യപ്രദേശിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഏഴു ദിവസമാണ് താമസിപ്പിച്ചത്. ഇതോടെ കേശുഭായ് പട്ടേലിന് പകരം വഗേലയുടെ വിശ്വസ്തൻ സുരേഷ് മേത്ത മുഖ്യമന്ത്രിയായി.
2017ല്‍ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ വിശ്വസ്തനായ 2017ല്‍ അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയില്‍
നിരവധി കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയിലേക്ക് കൂറുമാറിയത്. ബിജെപി കുതിരക്കച്ചവടത്തിൽ ഏർപ്പെടുന്നുവെന്ന് അന്ന് കോൺഗ്രസ് ആരോപിച്ചു. ഈ വേളയിൽ സ്വന്തം എംഎൽഎമാരെ ബംഗളൂരുവിലെ ഈഗ്ള്‍ട്ടണ്‍ ഗോൾഫ് റിസോര്‍ട്ടിലേക്ക് കോണ്‍ഗ്രസ് മാറ്റിയിരുന്നു. എന്നാൽ ബിജെപിയുടെ കുതിരക്കച്ചവടത്തെ അതിജീവിച്ച് അഹമ്മദ് പട്ടേൽ തന്റെ രാജ്യസഭാ സീറ്റ് നിലനിർത്തി.
- ഉത്തര്‍പ്രദേശ്
1998ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഗവര്‍ണര്‍ രൊമേശ് ഭണ്ഡാലി കല്യാണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ പിരിച്ചുവിട്ടു. 48 മണിക്കൂറിനകം കോൺഗ്രസിന്‍റെ ജഗദാംബിക പാല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. വിശ്വാസ വോട്ടെടുപ്പിന്‍റെ സമയത്ത് കല്യാൺ സിങ് സ്വന്തം എം.എല്‍.എമാരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ ജയിച്ച് സിങ് വീണ്ടും മുഖ്യമന്ത്രിയായി.
- ബിഹാര്‍
2000ൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കപ്പട്ട ജെ.ഡി.യുവിന്‍റെ നിതീഷ് കുമാര്‍ തങ്ങളുടെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കുമെന്ന് ഭയന്ന് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും എം.എല്‍.എമാരെ പട്‌നയിലെ ഹോട്ടലിലേക്ക് മാറ്റി. എന്നാൽ ഏഴു ദിവസം മാത്രമായിരുന്നു നിതീഷിന്‍റെ മുഖ്യമന്ത്രി പദത്തിന്‍റെ ആയുസ്. പിന്നീട് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് തോറ്റു.
സർക്കാർ രൂപീകരണത്തിന് ജെ.ഡി.യുവിന് പിന്തുണ നല്‍കാന്‍ 2005ല്‍ ലോക് ജന്‍ ശക്തി പാര്‍ട്ടി എം.എല്‍.എമാരും ജംഷഡ്‌പൂരിലെ ഹോട്ടലില്‍ തങ്ങിയിട്ടുണ്ട്.
- മഹാരാഷ്ട്ര
2002ല്‍ സ്വന്തം എം.എല്‍.എമാര്‍ ബി.ജെ.പി-ശിവസേന സഖ്യത്തിലേക്ക് കൂറുമാറാതിരിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖ് താമസിപ്പിച്ചത് ബംഗളൂരുവിലെ ആഡംബര റിസോര്‍ട്ടിലാണ്. മുംബൈയില്‍ തെരുവു യുദ്ധം ഇല്ലാതാക്കാന്‍ വേണ്ടിയാണ് എംഎൽഎമാരെ മാറ്റിത്താമസിപ്പിച്ചത് എന്നായിരുന്നു ദേശ്‌മുഖിന്‍റെ വിശദീകരണം.
- ഉത്തരാഖണ്ഡ്
2016ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിശ്വാസ വോട്ടു തേടുന്ന പശ്ചാതലത്തിൽ ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ ജയ്പൂരിലെ ഹോട്ടലിലേക്കാണ് മാറ്റി പാർപ്പിച്ചത്. കോൺഗ്രസും ബിജെപിയും പരസ്പരം കുതിരക്കച്ചവടം നടത്തിയെന്നാരോപിച്ച് ദിവസങ്ങളോളമായിരുന്നു വാക്പോര് നീണ്ടുനിന്നത്. ഇതോടെ കേന്ദ്രം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവന്നു. അത് ഹൈക്കോടതി പിന്നീട് റദ്ദാക്കി. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു.
- തമിഴ്‌നാട്
2017ല്‍ ഒ.പനീര്‍ശെല്‍വം മുഖ്യമന്ത്രി പദം രാജിവച്ച വേളയില്‍ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല തന്‍റെ വിശ്വസ്തരായ എം.എല്‍.എമാരെ ചെന്നൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. പിന്നീട് പനീര്‍ശെല്‍വവും, ശശികലയുടെ അനുയായി ആയിരുന്ന എടപ്പാടി പളനി സ്വാമിയും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചു.