ന്യൂഡൽഹി: കൊറോണ വൈറസിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. രോഗം മൂലമുള്ള സാഹചര്യം നിയന്ത്രണവിധേയമാക്കാൻ ചൈന കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും താന്‍ ചൈനീസ് പ്രസിഡന്‍റുമായി സംസാരിച്ചുവെന്നും ട്രംപ് പറഞ്ഞു. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി 2.5 ബില്യൺ യുഎസ് ഡോളർ ചെലവഴിക്കാനാണ് അമേരിക്കയുടെ പദ്ധതിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യന്‍ വ്യവസായികളുമായി സംവദിക്കവെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. "അമേരിക്ക മറ്റ് രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നുണ്ട്. മറ്റ് രാജ്യങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കണമെന്ന് താൻ ആഗ്രഹിക്കുന്നു" - ട്രംപ് പറഞ്ഞു.
വരുന്ന അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും ജയിച്ചാല്‍ വിപണി കുതിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. താന്‍ ജയിച്ചാല്‍ വിപണി ആയിരം പോയിന്‍റ് ഉയരും. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ മുമ്പില്ലാത്ത വിധം വിപണി തകര്‍ന്നടിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കയില്‍ നിക്ഷേപം നടത്തിയവരോട് അദ്ദേഹം നന്ദി പറഞ്ഞു. വിദേശ നിക്ഷേപം ശക്തിപ്പെടുത്തുന്നതിന് അമേരിക്കയിലെ സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നും ട്രംപ് ഉറപ്പ് നല്‍കി. നിയമപരമായ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.
നരേന്ദ്ര മോദി പരുക്കനായ വ്യക്തിയാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. "ഇന്ത്യയിൽ സന്ദർശനം നടത്തിയതിൽ സന്തോഷമുണ്ട്. ഇന്ത്യക്ക് വളരെ ശക്തനായ ഒരു പ്രധാനമന്ത്രിയുണ്ട്. എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായി അദ്ദേഹത്തിന് അറിയാം. അദ്ദേഹം പരുക്കനായ മനുഷ്യനാണ്. എന്നാലും അദ്ദേഹത്തിന്‍റെ പ്രവർത്തികൾ അതിശയിപ്പിക്കുന്നതാണ്" ട്രംപ് വ്യക്തമാക്കി.