ന്യൂഡൽഹി: മറ്റ് രാജ്യങ്ങളില്‍ ആ രാജ്യങ്ങളുടെ അനുമതിയില്ലാതെ സൈനിക നീക്കം നടത്താന്‍ ചൈനീസ് പ്യൂപ്പിള്‍ ലിബറേഷന്‍ ആര്‍മിക്ക് അധികാരം നല്‍കുന്ന നിയമഭേദഗതിക്കൊരുങ്ങുകയാണ് ചൈന. ചൈനീസ് സൈന്യത്തിന് എക്സിപിഡിഷനറി ഫോഴ്സ് പദവി നല്‍കാനുള്ള നിര്‍ണായക നിയമഭേദഗതിക്കാണ് ചൈനീസ് ഭരണകൂടം കളമൊരുക്കുന്നത്.
ആദ്യപടിയായി സൈന്യത്തിന് സവിശേഷാധികാരം നല്‍കുന്നതില്‍ പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ് ചൈനീസ് നാഷണല്‍ കോണ്‍ഗ്രസ്. കമ്മ്യൂണിസ്റ്റ് ചൈനയില്‍ നിയമ പരിഷ്കാരങ്ങളില്‍ പൊതുജനാഭിപ്രായം കേള്‍ക്കുക എന്നത് തന്നെ അത്യപൂര്‍വമായ സംഭവവികാസമാണ്. എഷ്യന്‍ ശക്തിയില്‍ നിന്നും ആഗോള സൈനിക സാമ്പത്തിക ശക്തിയാകാന്‍ ലക്ഷ്യമിട്ടുള്ള ചൈനീസ് നീക്കങ്ങളിലെ ഏറ്റവും പുതിയ ഏടാണ് സ്വന്തം സൈന്യത്തിന് എക്സിപിഡിഷണറി ഫോഴ്സ് പദവി നല്‍കാനുള്ള ചൈനീസ് നീക്കം. പാക് അധീന കശ്മീരിലടക്കം സൈനിക നീക്കത്തിന് ചൈനീസ് സൈന്യത്തിന് കഴിയും. നിലവില്‍ അമേരിക്കന്‍ റഷ്യന്‍ സൈന്യങ്ങള്‍ക്കാണ് ഏക്സിപിഡിഷനറി പദവിയുള്ളത്. ദേശീയ പ്രതിരോധ നിയമത്തിൽ നിർദ്ദേശിച്ച മാറ്റങ്ങൾ ചൈനയുടെ സൈനിക, സാമ്പത്തിക ശക്തിയാകുനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുകയാണ്. പുതിയ നിയമം നിലവിൽ വന്നാൽ ചൈനക്ക് താൽപ്പര്യം നിലനിൽക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും സൈനിക ഇടപെടലിന് നിയമപരമായ പരിരക്ഷയാണ് ലഭിക്കുന്നത്.
ചൈനീസ് പൗരന്മാരുടെയും സംഘടനകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സൈനിക നടപടികൾ സ്വീകരിക്കാൻ കഴിയുമെങ്കിലും ചൈനീസ് സൈന്യത്തിന് ശത്രുതാപരമായ നടപടികളും പ്രാദേശിക അസ്ഥിരത മുതൽ തീവ്രവാദ ആക്രമണങ്ങൾ വരെയുള്ള നടപടികളും സ്വീകരിക്കാനാകും. പതിമൂന്നാം എൻപിസിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി, കരട് നിയമം അവലോകനം ചെയ്ത ശേഷമാണ് പ്രഖ്യാപനം നടത്തിയത്. പൊതുജനങ്ങൾക്ക് നവംബർ 19 വരെ ഇതിൽ അഭിപ്രായം രേഖപ്പെടുത്താം.