ചെന്നൈ: മുതിർന്ന സ്‌ത്രീകളെ ലക്ഷ്യമാക്കി മോഷണം നടത്തുന്ന സ്‌ത്രീകളുടെ ഏഴംഗ സംഘത്തെ പൊലീസ് പിടികൂടി. സ്വർണവും പണവും കവരുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്. തൂത്തുക്കുടിയിൽ നിന്നാണ് ഇവര്‍ അറസ്റ്റിലാവുന്നത്. കെ. റാണി, ആർ തിലങ്ക, വി രാജമണി, കെ മറിയ, ലക്ഷ്‌മി, ഉഷ, എസ് ഇരക്കി അമ്മാൾ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇവരിൽ നിന്ന് 200 ഗ്രാം സ്വർണവും 10,000 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബസ്, ഓട്ടോ സ്റ്റാന്‍റുകളിലെ പ്രായമായ സ്‌ത്രീകളെ ലക്ഷ്യമാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്താലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. നോർത്ത് ചെന്നൈയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് സമാനമായ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ മഹേഷ് കുമാർ അഗർവാൾ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് വി ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണ ചുമതല നൽകി.