റായ്പൂർ: ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ആൾദൈവത്തെ സന്ദർശിച്ച് ഛത്തീസ്‌ഗഢ് വാണിജ്യ വ്യവസായ മന്ത്രി കവാസി ലക്മ. 250 കിലോമീറ്ററോളം സഞ്ചരിച്ചാണ് റായ്‌ഗഡിലെ കോസംനാര ആശ്രമത്തിൽ ബാബ സത്യനാരായണനെ കാണാൻ മന്ത്രി പോയത്. ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന ത്രീ സ്റ്റാർ ഹോട്ടൽ മന്ത്രിക്ക് താമസ സൗകര്യമൊരുക്കാൻ തുറന്നതായി വൃത്തങ്ങൾ അറിയിച്ചു.
തനിക്ക് വീട്ടിൽ ഇരുന്ന് മടുത്തെന്നും അതുകൊണ്ടാണ് ബാബയെ കാണാൻ പോയതെന്നുമായിരുന്നു സംഭവത്തിൽ മന്ത്രിയുടെ പ്രതികരണം. റായ്പൂരിൽ അനധികൃതമായി മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചു. ഞാൻ സംസ്ഥാനത്തിന്‍റെ എക്സൈസ് മന്ത്രിയാണ്. മിന്നൽ സന്ദർശനത്തിനാണ് ജില്ലയിലേക്ക് പോയത്. യാത്രാമധ്യേ ബാബയെ കാണാൻ പോയെങ്കിലും കൊവിഡിനെ തുടർന്ന് അദ്ദേഹം തനിക്ക് ദർശനം നൽകിയില്ലെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്‌ഗഢിലെ കൊവിഡ് കേസുകളുടെ എണ്ണം 36 ആണ്. രോഗം ബാധിച്ചവരിൽ 25 പേർ സുഖം പ്രാപിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് ആളപായമൊന്നും ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല.