ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്‍റെ വിക്ഷേപണം ഇന്ന്. ഉച്ചക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയയില്‍ നിന്നും ജിഎസ്എല്‍വി മാര്‍ക്ക് 3 എം1 റോക്കറ്റ് ചന്ദ്രയാന്‍ രണ്ട് പേടകവുമായി കുതിച്ചുയരും. വിക്ഷേപണത്തിനുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് 6.43നാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടരുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്‍റെ ക്രയോജനിക് സ്റ്റേജില്‍ ഹീലിയം വാതകം ചോരുന്നതായാണ് കണ്ടെത്തിയത്. പ്രശ്നം പെട്ടെന്ന് പരിഹരിക്കാനായതാണ് വിക്ഷേപണം കൂടുതല്‍ വേഗത്തില്‍ നടത്താന്‍ സഹായകമായത്.
ഈ മാസം 15ന് വിക്ഷേപിച്ച് സെപ്റ്റംബര്‍ ആറിന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍റിംഗ് നടത്തുന്ന തരത്തിലായിരുന്നു മുമ്പ് നിശ്ചയിച്ചിരുന്നത്. ഒരാഴ്ച വൈകിയെങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ സോഫ്റ്റ് ലാന്‍റിംഗ് നടത്താനാണ് ഐഎസ്ഐര്‍ഒയുടെ തീരുമാനം. യാത്രാ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് സമയനഷ്ടം മറികടക്കുന്നത്. പേടകം ഭൂമിയെ ചുറ്റാനെടുക്കുന്ന സമയം 17ല്‍ നിന്ന് 23 ദിവസമായി കൂട്ടി. ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള യാത്രാസമയം 5ല്‍ നിന്ന് 7 ദിവസമായും ഉയര്‍ത്തി. ചന്ദ്രനെ വലം വയ്ക്കുന്ന ദിവസങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തി. ചന്ദ്രനെ ചുറ്റുന്നത് 28ല്‍ നിന്ന് 13 ദിവസമായാണ് കുറച്ചത്. ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്‍റര്‍ വേര്‍പെടുന്നത് 43ാം ദിവസമാകും. നേരത്തെയിത് 50ാം ദിവസമായിരുന്നു.
ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്കാണ് ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍ യാത്ര തിരിക്കുന്നത്. ചന്ദ്രനിലെ രാസഘടന പഠിക്കുകയാണ് പ്രധാനലക്ഷ്യം. അതീവ ജാഗ്രതയോടെയാണ് ശ്രീഹരിക്കോട്ടയും ഐഎസ്ആര്‍ഒയും വിക്ഷേപണത്തിനൊരുങ്ങുന്നത്.