ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 കുതിച്ചുയർന്നു. ഉച്ചക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നും ജിഎസ്എല്‍വി മാര്‍ക്ക് 3 എം1 റോക്കറ്റ് ആണ് ചന്ദ്രയാന്‍ രണ്ട് പേടകവുമായി കുതിച്ചുയർന്നത്. ഇന്നലെ വൈകിട്ട് 6.43നാണ് 20 മണിക്കൂർ കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്കാണ് ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍ യാത്ര തിരിച്ചത്. ചന്ദ്രനിലെ രാസഘടന പഠിക്കുകയാണ് പ്രധാനലക്ഷ്യം. അതീവ ജാഗ്രതയോടെയാണ് ശ്രീഹരിക്കോട്ടയും ഐഎസ്ആര്‍ഒയും വിക്ഷേപണം നടത്തിയത്.
വിക്ഷേപണം നടന്ന് 16 മിനിട്ടിനുള്ളിൽ ചന്ദ്രയാൻ 2 വിക്ഷേപണ വാഹനത്തിൽ നിന്ന് വേർപ്പെട്ടു. ഇതോടെ ചന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണം വിജയകരമായി പൂർത്തിയായതായും ചന്ദ്രയാന്‍ 2ന്‍റെ സഞ്ചാരം ശരിയായ പാതയിലാണെന്നും ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രനിലേക്കുള്ള ചരിത്ര യാത്രക്ക് തുടക്കമായെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ പറഞ്ഞു. തിരിച്ചടികളിൽ തളരാതെ കരുത്തോടെ നിന്ന ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപണം നടത്തിയതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ഇന്നത്തെ ദിവസം എല്ലാ ഭാരതീയര്‍ക്കും അഭിമാനത്തിന്‍റേതാണെന്നും ചന്ദ്രയാന്‍ 2 വിക്ഷേപണം തെളിയിക്കുന്നത് ശാസ്ത്രത്തിന്‍റെ അതിരുകള്‍ കീഴടക്കാനുളള നമ്മുടെ ശാസ്ത്രജ്ഞരുടെ വീര്യവും 130കോടി ഇന്ത്യക്കാരുടെ നിശ്ചയദാര്‍ഢ്യവുമാണിതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ എഴുതി.
കഴിഞ്ഞ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. 56 മിനിട്ടും 24 സെക്കന്‍റ് മാത്രം ബാക്കി നിൽക്കെയാണ് തീരുമാനം മാറ്റിയത്. വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്‍റെ ക്രയോജനിക് സ്റ്റേജില്‍ ഹീലിയം വാതകം ചോരുന്നതായാണ് കണ്ടെത്തിയത്. പ്രശ്നം പെട്ടെന്ന് പരിഹരിക്കാനായതിനാല്‍ വിക്ഷേപണം കൂടുതല്‍ വേഗത്തില്‍ നടത്താന്‍ സഹായകമായി.
ഈ മാസം 15ന് വിക്ഷേപിച്ച് സെപ്റ്റംബര്‍ ആറിന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍റിങ് നടത്തുന്ന തരത്തിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഒരാഴ്ച വൈകിയെങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ സോഫ്റ്റ് ലാന്‍റിങ് നടത്താനാണ് ഐഎസ്ഐര്‍ഒയുടെ തീരുമാനം. യാത്രാ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് സമയനഷ്ടം മറികടക്കുന്നത്. പേടകം ഭൂമിയെ ചുറ്റാനെടുക്കുന്ന സമയം 17ല്‍ നിന്ന് 23 ദിവസമായി കൂട്ടി. ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള യാത്രാസമയം 5ല്‍ നിന്ന് 7 ദിവസമായും ഉയര്‍ത്തി. ചന്ദ്രനെ വലം വയ്ക്കുന്ന ദിവസങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തി. ചന്ദ്രനെ ചുറ്റുന്നത് 28ല്‍ നിന്ന് 13 ദിവസമായാണ് കുറച്ചത്. ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്‍റര്‍ വേര്‍പെടുന്നത് 43ാം ദിവസമാകും. നേരത്തെ 50 ദിവസമായിരുന്നു. രണ്ടാം ചാന്ദ്രദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ വിദ്യാർഥികളടക്കം നിരവധി പേരാണ് ശ്രീഹരിക്കോട്ടയിലേക്ക് എത്തിയത്.