റായ്‌പൂര്‍: ചത്തീസ്‌ഗഢില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ടു. ജഷ്‌പൂര്‍ ജില്ലയിലെ മഹുവ ഗ്രാമത്തില്‍ വയലില്‍ പണിയെടുക്കുകയായിരുന്ന ബുധിയറ ഭായിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. സന്ന വനപ്രദേശത്തിന് സമീപമായിരുന്നു ഗ്രാമം. കാട്ടാന തുമ്പിക്കൈ കൊണ്ട് സ്‌ത്രീയെ എടുത്തുയര്‍ത്തി നിലത്തടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ ഇവര്‍ മരിച്ചു. പൊലീസും വനം വകുപ്പ് അധികൃതരും സംഭവസ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. മരിച്ച സ്‌ത്രീയുടെ ബന്ധുക്കള്‍ക്ക് 20000 രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്തുള്ള വനപ്രദേശത്ത് 18 ആനകള്‍ കൂട്ടം കൂടി നീങ്ങുന്നതായി ഗ്രാമീണര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു, ആനക്കൂട്ടം ആറ് ഗ്രാമങ്ങളിലെ ചില വീടുകളും തകര്‍ത്തിരുന്നു. വനമേഖലകള്‍ക്ക് സമീപമുള്ള നാല് ജില്ലകളിലായി 11 ആനകളുടെ മരണമാണ് കഴിഞ്ഞ 11 ദിവസത്തിനിടെയുണ്ടായത്. വ്യാഴാഴ്‌ച റായ്‌പൂര്‍ ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് ഒരു ആന ചരിഞ്ഞിരുന്നു. സംഭവത്തില്‍ രണ്ട് ഗ്രാമീണരെ അറസ്റ്റ് ചെയ്‌തിരുന്നു. സുരാജ് പൂര്‍ ജില്ലയിലെ പ്രതാപൂര്‍ വന പ്രദേശത്ത് നിന്ന് രണ്ട് ആനകളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സമാനമായി ബല്‍റാംപൂര്‍ ജില്ലയിലും ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.