ന്യൂഡൽഹി: കൊവിഡിനെ നേരിടാൻ സംസ്ഥാനങ്ങൾക്ക് പ്രാധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകണമെന്ന് ശിവസേന. ജിഎസ്ടി കുടിശ്ശിക നൽകണമെന്നും ശിവസേന എംപി കൂടിയായ സഞ്ജയ് റാവത്ത് രാജ്യസഭയിൽ ആവശ്യപ്പെട്ടു.
കൊവിഡിനെ നേരിടാൻ മഹാരാഷ്ട്ര സർക്കാർ സ്വീകരിച്ച നടപടികളും സഞ്ജയ് രാജ്യസഭയിൽ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ രോഗവ്യാപനം വർധിക്കാനും മുപ്പതിനായിരത്തിലധികം ആളുകൾ മരിക്കാനും ഇടയായത് കേന്ദ്രത്തിന്‍റെ വീഴ്ചയാണെന്നും സഞ്ജയ് വിമർശിച്ചു. പപ്പടം കഴിച്ചാൽ രോഗം ഭേദമാകുമെന്ന കേന്ദ്ര മന്ത്രി അർജുൻ രാം മേഘാവാളിന്‍റെ പ്രസ്താവനയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
കൊവിഡിനെ നേരിടാൻ എല്ലാ സംസ്ഥാനങ്ങളും പരമാവധി ശ്രമിക്കുന്നുണ്ടെന്ന് സഞ്ജയ് കൂട്ടിച്ചേർത്തു. പരസ്പരം പഴിചാരാതെ കൊവിഡിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അതിനായി പ്രധാനമന്ത്രി തന്നെ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകണമെന്നുമാണ് ശിവസേനയുടെ ആവശ്യമെന്നും സഞ്ജയ് രാജ്യഭയിൽ പറഞ്ഞു.
സെപ്റ്റംബർ ഒന്നുമുതൽ പിപിഇ കിറ്റുകൾ, മാസ്കുകൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം കേന്ദ്രം നിർത്തിവെച്ചെന്നും 350 കോടി രൂപയുടെ അധിക ഭാരം മഹാരാഷ്ട്ര സർക്കാരിന് ചുമത്തിയെന്നും അദ്ദേഹം ആരോപിച്ചു. കൊവിഡ് പ്രതിരോധം സംസ്ഥാനങ്ങൾ സ്വന്തമായി നടത്തണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നുവെങ്കിൽ, ജിഎസ്ടി കുടിശ്ശിക തീർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനായി സംസ്ഥാനങ്ങൾക്ക് പണം നൽകണമെന്നും സഞ്ജയ് റാവത്ത് രാജ്യസഭയിൽ പറഞ്ഞു