ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജൂലൈയോടെ 25 കോടി ആളുകളില്‍ കൊവിഡ് മരുന്ന് എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധൻ. 50 കോടി ഡോസ് മരുന്നുകളാണ് ഇതിനായി ആവശ്യം വരിക. ആവശ്യമുള്ള മരുന്നുകളുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം തന്നെ നല്‍കാൻ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിനായി പ്രയത്‌നിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും മരുന്ന് വിതരണത്തില്‍ മുൻഗണന. സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്‌ടര്‍മാര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്‌റ്റാഫ്, സുചീകരണ തൊഴിലാളികള്‍, ആശ വര്‍ക്കേഴ്‌സ്, ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുക. ഇവരുടെ വിവരങ്ങളായിരിക്കും ആദ്യം ശേഖരിക്കുക.
മരുന്നുകള്‍ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും മരുന്ന് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. മരുന്ന് വിതരണം സംബന്ധിച്ച് പഠനങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കുമായി നീതി ആയോഗ് കമ്മറ്റി അംഗം ഡോ വി.കെ പോളിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന കൊവാക്‌സിൻ പരീക്ഷണങ്ങളെല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഹര്‍ഷവര്‍ധൻ പറഞ്ഞു. അതേസമയം റഷ്യ വികസിപ്പിച്ച കൊവിഡ് മരുന്നായ സ്‌പുട്‌നിക് -5 സംബന്ധിച്ച ചോദ്യത്തിന് റഷ്യൻ മരുന്ന് ഇന്ത്യയിലേക്കെത്തിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അടിസ്ഥാന സൗകര്യങ്ങളുടെ വികസവും സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധൻ വ്യക്തമാക്കി.