ജയ്‌പൂര്‍: രാജസ്ഥാനിലെ സിമന്‍റ് സിറ്റിയെന്നറിയപ്പെടുന്ന നിംബഹേരയില്‍ അതിവേഗം കൊവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 26നാണ് നിംബഹേരയില്‍ ആദ്യ കൊവിഡ് 19 പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയത്. അടുത്ത ഒമ്പത് ദിവസത്തിനുള്ളില്‍ പ്രദേശത്ത് 99 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് ഭരണകൂടത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഏപ്രില്‍ 25 വരെ ഗ്രീന്‍ സോണായി രേഖപ്പെടുത്തിയ പ്രദേശം ഇപ്പോള്‍ റെഡ് സോണിലാണ്. രോഗവ്യാപനത്തെ തുടര്‍ന്ന് അയിരത്തോളം ആളുകളെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയതായി അധികൃതര്‍ അറിയിച്ചു.
ഇതുവരെ 1,450 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതില്‍ 1000 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. 350 പേരുടെ ഫലം ലഭിക്കാനുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. പ്രദേശത്ത് ബില്‍വാര മോഡല്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. വീടുകള്‍ കയറിയിറങ്ങി പരിശോധന നടത്തണം. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് മികച്ച ആരോഗ്യ സുരക്ഷയില്ലെന്നും പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കണമെന്നും ആവശ്യപ്പെട്ട് ചിറ്റൂർഗഡ് എംപി സി.പി. ജോഷി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന് കത്തയച്ചു. ജാഗ്രതാ നിര്‍ദേശം ലംഘിച്ച് ഇന്‍ഡോറില്‍ പോയിവന്ന വ്യാപാരിക്കാണ് ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇയാളുമായി ഉണ്ടായ സമ്പര്‍ക്കത്തിലൂടെയാണ് മറ്റുള്ളവര്‍ക്ക് രോഗം പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.