ന്യൂഡൽഹി: കൊവിഡ് പാക്കേജിൽ കേന്ദ്ര സർക്കാർ അനുവദിച്ച പ്രഖ്യാപനങ്ങൾ യഥാസമയം നടപ്പാക്കുമെന്നും സൈനിക ആയുധങ്ങൾ, വെടിമരുന്ന്, ഉപകരണങ്ങൾ എന്നിവയുടെ തദ്ദേശീയവൽക്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും ചീഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. സർക്കാരിന്‍റെ തീരുമാനങ്ങൾക്കൊപ്പം ഒരുമിച്ച് പ്രവർത്തിക്കുമെന്നും സമയബന്ധിതമായി ഈ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയിലെ ഗവേഷണത്തിനും വികസനത്തിനും വ്യത്യസ്‌തമായ സമീപനമാണ് ഇനി സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഫ്‌ഡിഐ പരിധിയിലെ വർധനവ് സാങ്കേതിക കൈമാറ്റത്തിനും പ്രതിരോധ മേഖലകൾക്കും പ്രോത്സാഹനമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി വർധിപ്പിച്ച പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ബിപിൻ റാവത്ത്. രാജ്യത്ത് ഇറക്കുമതി നിരോധിക്കുന്ന ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കുമെന്നും നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.