ന്യൂഡൽഹി: രാജസ്ഥാനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മരണവുമായി ബന്ധപ്പെട്ട കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ടീം ഏറ്റെടുത്തു. ചുരു ജില്ലയിൽ രാജ്‌ഗഡ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന വിഷ്ണു ദത്ത് വിഷ്ണോയിയെ സർക്കാർ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവം നടന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്. രാജസ്ഥാൻ സർക്കാരിന്‍റെ ആവശ്യപ്രകാരമാണ് ജൂൺ 26ന് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.
മരിച്ച പൊലീസുകാരന്‍റേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. തനിക്ക് ചുറ്റുമുള്ള സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നാണ് കുറിപ്പിൽ എഴുതിയിരുന്നത്. എസ്എച്ച്ഒയുടെ ആത്മഹത്യക്ക് ശേഷം രാജസ്ഥാനിലെ പല സംഘടനകളും സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. വിഷ്ണു ദത്തും അദ്ദേഹത്തിന്‍റെ സുഹൃത്തും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീൻഷോട്ടും പുറത്ത് വന്നിരുന്നു.